News - 2024

വിശ്വാസത്തിന് സാക്ഷ്യമേകുന്ന പോളണ്ടിന് ആശംസയറിയിച്ച് പാപ്പയുടെ കത്ത്

സ്വന്തം ലേഖകന്‍ 13-11-2018 - Tuesday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിച്ച് സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന പോളണ്ടിലെ ജനങ്ങള്‍ക്ക് ആശംസയറിയിച്ച് ഫ്രാന്‍സിസ് പാപ്പായുടെ കത്ത്. സ്വാതന്ത്ര്യമാകുന്ന സമ്മാനത്തെ ഐക്യത്തോടും, സമാധാനത്തോടും കൂടി ആസ്വദിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന്‍ പാപ്പ കത്തില്‍ രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച (നവംബര്‍ 11)യായിരുന്നു പോളണ്ടിന്റെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികാഘോഷം.

റഷ്യക്കും, പ്രഷ്യക്കും, ഓസ്ട്രിയായ്ക്കുമിടയില്‍ വിഭജിക്കപ്പെടുന്നതിനു മുന്‍പ് യൂറോപ്പിന്റെ ക്രിസ്തീയ ചരിത്രം രചിക്കുന്നതിലും, വികസിപ്പിക്കുന്നതിലും തങ്ങളുടെ സംസ്കാരവും, ആത്മീയതയും വഴി പോളണ്ട് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് പാപ്പ കത്തില്‍ ചൂണ്ടിക്കാട്ടി. പോളണ്ടിന്റെ നിരവധി മക്കളുടെ ജീവന്റെ വിലയാണ് ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. സ്വാതന്ത്ര്യം നേടിയതിനു ശേഷവും, വിഭാഗീയതകള്‍ക്കിടയിലും ഐക്യവും, രാഷ്ട്രത്തിന്റെ അതിര്‍ത്തികളും കാത്തുസൂക്ഷിക്കുവാനും പോളണ്ടിന്റെ ദൈവവിശ്വാസം അവര്‍ക്ക് തുണയായിട്ടുണ്ടെന്നും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ വാക്കുകളെയും ഫ്രാന്‍സിസ് പാപ്പ കത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ദൈവ സഹായത്തിലുള്ള ഉറച്ച വിശ്വാസത്തില്‍ നിന്നുമുള്ള പ്രതീക്ഷയായിരുന്നു പോളണ്ടിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ അടിത്തറ. തങ്ങള്‍ക്ക് കിട്ടിയ സ്വാതന്ത്ര്യം നൂറു വര്‍ഷം കാത്തു സൂക്ഷിക്കുന്നതിനും, തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്താതെ മുന്നോട്ട് പോകുന്നതിനും പോളണ്ട് ജനതയെ സഹായിച്ചതിന് ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. പോളണ്ടിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും, പൊസ്നാനിലെ മെത്രാപ്പോലീത്തയുമായ മോണ്‍. സ്റ്റാന്‍സ്ലോ ഗാഡെക്കിക്കാണ് പാപ്പ കത്തയച്ചത്.

സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന റാലിയില്‍ കത്തോലിക്ക വിശ്വാസത്തെ മഹത്വപ്പെടുത്തിയുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിയിരിന്നു. പോളണ്ടിലെ ജനസംഖ്യയുടെ 90 ശതമാനവും കത്തോലിക്കരാണ്. വിശ്വാസം നഷ്ട്ടപ്പെട്ട യൂറോപ്യന്‍ ജനതക്ക് മുന്നില്‍ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിച്ച് വിശ്വാസ പാരമ്പര്യം സംരക്ഷിക്കുന്ന രാജ്യമാണ് പോളണ്ട്. യൂറോപ്യന്‍ യൂണിയനെ വീണ്ടും ക്രിസ്തീയവത്കരിക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് പോളണ്ടിന്റെ പ്രധാനമന്ത്രിയായ മാറ്റ്യൂസ് മോറാവീക്കി നേരത്തെ വെളിപ്പെടുത്തിയിരിന്നു.


Related Articles »