News - 2024

ക്രിസ്തീയ ചരിത്രത്തിലേക്ക് തിരിഞ്ഞു നോട്ടവുമായി വത്തിക്കാനില്‍ റഷ്യന്‍ പ്രദര്‍ശനം

സ്വന്തം ലേഖകന്‍ 27-11-2018 - Tuesday

റോം: വത്തിക്കാന്‍-റഷ്യന്‍ നയതന്ത്ര ബന്ധത്തില്‍ പുതിയോരേടുകൂടി എഴുതി ചേര്‍ത്തുകൊണ്ട് മോസ്കോയിലെ ട്രെറ്റ്യാക്കോവ് ഗാലറി ഉള്‍പ്പെടെയുള്ള പ്രസിദ്ധമായ ഗാലറികളില്‍ നിന്നുമുള്ള അന്‍പത്തിനാലോളം അമൂല്യ ആത്മീയ വസ്തുക്കളുടെ റഷ്യന്‍ പ്രദര്‍ശനത്തിന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വത്തിക്കാനില്‍ തിരിതെളിഞ്ഞു. നിരവധിപേരാണ് ഈ പ്രദര്‍ശനം കാണുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. “പില്‍ഗ്രിമേജ് ഓഫ് റഷ്യന്‍ ആര്‍ട്: ഫ്രം ഡയോണിസിയൂസ് റ്റു മാലേവിക്ക്” എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനം സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിലെ ബ്രാസ്സിയോ ഡി കാര്‍ലോ മാഗ്നോ മ്യൂസിയത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

വത്തിക്കാന്റെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിളിക്കപ്പെടാവുന്ന ഈ സൗജന്യ പ്രദര്‍ശനം 2019 ഫെബ്രുവരി 16 വരെ നീളും. എഡി 1400 മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ട് വരെയുള്ള ആത്മീയ വസ്തുക്കളും, കലാസൃഷ്ടികളുമാണ് പ്രദര്‍ശനത്തിലുള്ളത്. ഇവയില്‍ ചിലത് ഇതാദ്യമായാണ് സ്വന്തം ഗാലറി വിട്ട് പുറം ലോകം കാണുന്നതെന്ന് വത്തിക്കാന്‍ മ്യൂസിയം ഡയറക്ടറായ ബാര്‍ബറ ജട്ടാ പറഞ്ഞു. “കല, ആത്മീയത, മനോഹാരിത” എന്നീ മൂന്ന്‍ വാക്കുകളിലൂടെയാണ് ജട്ടാ ഈ പ്രദര്‍ശനത്തെ വിശേഷിപ്പിച്ചത്. റഷ്യയുടെ ആത്മീയതയുടെയും, ആത്മാവിന്റെയും പ്രദര്‍ശനമാണിതെന്നാണ് ജട്ടാ പറഞ്ഞത്.

കുരിശു രൂപത്തിന്റെ പതിനാറാം നൂറ്റാണ്ടിലെ ഡയോണിസിയൂസിന്റെ പെയിന്റിംഗായ “ദി ക്രൂസിഫിക്കേഷന്‍”, 1872-ല്‍ വാസിലി പെറോവ് വരച്ച ദസ്തോവ്സ്കിയുടെ പോര്‍ട്രെയിറ്റ് ചിത്രം, കാസിമിരി മാലേവിക്കിന്റെ പ്രശസ്തമായ “ബ്ലാക്ക് സ്ക്വയര്‍” എന്ന പെയിന്റിംഗിന്റെ 1929-ലെ പതിപ്പ് തുടങ്ങിയവയാണ് പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. റഷ്യയുടെ സാംസ്കാരികവും, ആത്മീയവുമായ സന്ദേശം പാശ്ചാത്യ ക്രിസ്ത്യന്‍ ലോകത്ത് അവതരിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ പ്രദര്‍ശനത്തിന്റെ പിന്നിലുണ്ടെന്ന് പ്രദര്‍ശനത്തിന്റെ റഷ്യന്‍ ക്യൂറേറ്റര്‍മാരില്‍ ഒരാള്‍ പറഞ്ഞു.

2016-ല്‍ റഫേലോ, കാരാവാഗിയോ തുടങ്ങിയ പ്രശസ്ത കലാകാരന്‍മാരുടെ അമൂല്യ സൃഷ്ടികള്‍ അടങ്ങുന്ന വത്തിക്കാന്റെ ഒരു പ്രദര്‍ശനം മോസ്കോയിലെ ട്രെറ്റ്യാക്കോവ് ഗാലറിയില്‍ വെച്ച് നടത്തിയിരുന്നു. ഈ പ്രദര്‍ശനത്തിന്റെ വിജയമാണ് വത്തിക്കാനിലെ റഷ്യന്‍ പ്രദര്‍ശനത്തിനു പ്രചോദനമായത്.


Related Articles »