News - 2025
ടാൻസാനിയയിൽ ഇന്ത്യൻ സന്യാസിനി വാഹനാപകടത്തിൽ മരണമടഞ്ഞു
സ്വന്തം ലേഖകന്‍ 03-12-2018 - Monday
ഡൊഡോമ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ ശുശ്രൂഷ ചെയ്തു വരികയായിരുന്ന കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ സഭാംഗവും കാണ്ഡമാൽ സ്വദേശിനിയുമായ കന്യാസ്ത്രീ വാഹനാപകടത്തിൽ മരണമടഞ്ഞു. നവംബർ ഇരുപത്തിയേഴിന് നടന്ന വാഹനാപകടത്തിൽ സി. രോഹിണി എന്ന സന്യാസിനിയാണ് മരണമടഞ്ഞത്. നാൽപത്തിനാല് വയസ്സായിരുന്നു.
ടാൻസാനിയയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ സുപ്പീരിയർ ജനറൽ സി. ക്രിസിനെ സ്വീകരിക്കാൻ എയർപോർട്ടിൽ പോകും വഴിയാണ് അപകടം നടന്നത്. വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ സിസ്റ്റർ രോഹിണി തത്ക്ഷണം മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കട്ടക്ക് - ഭുവനേശ്വർ അതിരൂപതയിലെ ഔർ ലേഡി ഓഫ് ചാരിറ്റി ഇടവകാംഗമായ സിസ്റ്റർ രോഹിണി ടാൻസാനിയൻ മിഷ്ണറി പ്രവർത്തനത്തിനായി കഴിഞ്ഞ ജൂണിലാണ് നിയോഗിക്കപ്പെട്ടത്. നേരത്തെ കാണ്ഡമാലിലും ബർഹാംപുർ രൂപതയിലും മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലും അവർ സേവനമനുഷ്ഠിച്ചിരുന്നു. കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (CSST ) സന്യാസി സമൂഹം 1887 ൽ എറണാകുളത്താണ് സ്ഥാപിതമായത്. വിദ്യാഭ്യാസം, വൃദ്ധ പരിചരണം, അനാഥ സംരക്ഷണം കൂടാതെ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളും സി.എസ്.എസ്.ടി സമൂഹം നടത്തി വരുന്നുണ്ട്.