News

തിരുപ്പിറവി ദേവാലയത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തീര്‍ത്ഥാടക പ്രവാഹം

സ്വന്തം ലേഖകന്‍ 15-12-2018 - Saturday

ബത്ലഹേം, വെസ്റ്റ്‌ ബാങ്ക്: ബത്ലഹേമില്‍ യേശു ജനിച്ച സ്ഥലത്ത് പണികഴിപ്പിച്ചിരിക്കുന്ന തിരുപ്പിറവി ദേവാലയത്തില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം നടത്തിവരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തീര്‍ത്ഥാടകരുടെ പ്രവാഹം തുടരുന്നു. ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 600 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതാദ്യമായാണ് ദേവാലയത്തിലെ പുരാതന മൊസൈക്കുകളും, തൂണുകളും ഏതെങ്കിലും വിധത്തിലുള്ള പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കുന്നത്.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള തിരുപ്പിറവി ദേവാലയത്തിലെ അറ്റകുറ്റപ്പണികള്‍ 2013-ലാണ് ആരംഭിച്ചത്. സിയാദ് അല്‍-ബന്‍ഡാക് എന്ന കമ്മിറ്റിയാണ് അറ്റകുറ്റപ്പണികളുടെ മേല്‍നോട്ടം വഹിക്കുന്നത്. 14 ഇതളുകളോട് കൂടിയ വെള്ളിനക്ഷത്രം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന യേശു ജനിച്ചുവീണ ഇടത്തെ തൊടാതെയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഏതാണ്ട് 1.7 കോടി ഡോളറാണ് അറ്റകുറ്റപ്പണികളുടെ ചിലവായി പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ 1.4 കോടി ഡോളര്‍ സമാഹരിച്ചു കഴിഞ്ഞുവെന്ന് അധികൃതര്‍ പറയുന്നു. പ്രാദേശിക ക്രിസ്ത്യന്‍, മുസ്ലീം വ്യാപാരികള്‍, പലസ്തീന്‍ അധികൃതര്‍, തുടങ്ങിയവരുടെ സംഭാവനകളും, വിദേശ സംഭാവനകളുമാണ് പ്രധാന ഉറവിടങ്ങള്‍.

ഇറ്റലിയില്‍ നശിപ്പിക്കപ്പെട്ട പുരാതന ദേവാലയങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത തൂണുകള്‍ കൊണ്ട് ദേവാലയത്തിലെ പത്തുശതമാനം തൂണുകളും മാറ്റിസ്ഥാപിച്ചു. ജനലുകള്‍ ഉറപ്പിക്കുകയും, ഭിത്തികള്‍ ബലവത്താക്കുകയും ചെയ്തു. 21,500 ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണം വരുന്ന മൊസൈക്ക് ഭിത്തിയിലെ അറ്റകുറ്റപ്പണിയാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞതെന്ന് പുനരുദ്ധാരണത്തിനു നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. ഇതില്‍ 1,292 ചതുരശ്ര അടിയോളം ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനിടെ നൂറുകണക്കിന് ആളുകളാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.

പരിശുദ്ധ ദൈവമാതാവ് യേശുവിന് ജന്മം നല്‍കിയെന്ന് കരുതപ്പെടുന്ന സ്ഥലത്തു നാലാം നൂറ്റാണ്ടില്‍ വിശുദ്ധ ഹെലേനയാണ് ക്രൈസ്തവ ലോകത്തെ ഏറ്റവും വിശുദ്ധമായ ദേവാലയങ്ങളിലൊന്നായി പരിഗണിക്കപ്പെട്ടുവരുന്ന തിരുപ്പിറവി ദേവാലയം പണികഴിപ്പിക്കുന്നത്. 527 മുതല്‍ 565 വരെ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന ജെസ്റ്റീനിയന്‍ പണികഴിപ്പിച്ച ബസലിക്കയാണ് ഇന്ന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്നത്. പ്രധാനമായും ക്രൈസ്തവ തീര്‍ത്ഥാടകരെ ആശ്രയിച്ചിരിക്കുന്ന ബത്ലഹേം ടൂറിസത്തിന് അറ്റകുറ്റപ്പണികള്‍ കഴിയുന്നതോടെ തിരുപ്പിറവി ദേവാലയം ഒരു വലിയ മുതല്‍ക്കൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്.


Related Articles »