News - 2024

ആഗോള ക്രൈസ്തവ സഭൈക്യവാരത്തിന് ജനുവരി 18നു ആരംഭം

സ്വന്തം ലേഖകന്‍ 12-01-2019 - Saturday

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകളുടെ സഭൈക്യവാരത്തിന് ജനുവരി 18നു തുടക്കമാകും. 25-വരെയുള്ള തീയതികളിലാണ് സഭൈക്യവാരം നടക്കുക. “നീതി, നീതി മാത്രം നിങ്ങള്‍ പ്രവര്‍ത്തിക്കുക” എന്ന മുഖ്യസന്ദേശവുമായിട്ടാണ് വിവിധ സഭകളുടെ കൂട്ടായ്മ സഭൈക്യവാരം ആചരിക്കുന്നത്. ജനുവരി 18 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30-ന് വിശുദ്ധ പൗലോസ് ശ്ലീഹായുടെ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ ക്രൈസ്തവ ഐക്യവാരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സായാഹ്നപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. കര്‍ദ്ദിനാളന്മാരെയും മെത്രാന്മാരെയും പുരോഹിതരെയും കൂടാതെ ലോകത്തുള്ള ഇതര ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരും മാര്‍പാപ്പയുടെ സഭൈക്യപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.

പഴയ നിയമത്തിലെ, നിയമാവര്‍ത്തന പുസ്തകത്തിലെ പതിനാറാം അദ്ധ്യായത്തിലെ 18-20 വാക്യങ്ങളാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ആചരിക്കുന്ന 2019-ലെ സഭൈക്യവാരത്തിന് ധ്യാന വിഷയമാകുന്നത്. "നിന്റെ ദൈവമായ കര്‍ത്താവു നല്‍കുന്ന പട്ടണങ്ങളില്‍ ഗോത്രം തോറും ന്യായാധിപന്‍മാരെയും സ്ഥാനികളെയും നിയമിക്കണം. അവര്‍ ജനങ്ങള്‍ക്ക് നിഷ്പക്ഷമായി നീതി നടത്തിക്കൊടുക്കട്ടെ. നിന്റെ വിധികള്‍ നീതിവിരുദ്ധമായിരിക്കരുത്. നീ പക്ഷപാതം കാട്ടുകയോ കൈക്കൂലി വാങ്ങുകയോ അരുത്. എന്തെന്നാല്‍, കൈക്കൂലി ജ്ഞാനിയെ അന്ധനാക്കുകയും നീതി നിഷേധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നീ ജീവിച്ചിരിക്കുന്നതിനും നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യം കൈവശമാക്കുന്നതിനും വേണ്ടി നീതിമാത്രം പ്രവര്‍ത്തിക്കുക", എന്നതാണ് വാക്യം.


Related Articles »