News - 2024

അര്‍മേനിയന്‍ രക്തസാക്ഷികളുടെ ദേവാലയം പുനര്‍നിര്‍മ്മിച്ചു നല്‍കുമെന്ന് സിറിയന്‍ പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 13-01-2019 - Sunday

ഡമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ സിറിയയുടെ കിഴക്കന്‍ ഭാഗത്തെ ഡെയിര്‍ എസ്-സോറില്‍ നശിപ്പിച്ച അര്‍മേനിയന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ക്രിസ്ത്യന്‍ ദേവാലയത്തിന്റെ പുനര്‍ നിര്‍മ്മാണം സര്‍ക്കാര്‍ ചിലവില്‍ നടത്തുമെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിറിയയിലെ അര്‍മേനിയക്കാരുടെ പ്രതിനിധി കമ്മിറ്റി പ്രസിഡന്റായ ജോര്‍ജ്ജ് പാര്‍സെഗിയാന്റെ നേതൃത്വത്തില്‍ സിറിയ സന്ദര്‍ശിച്ച ബിസിനസ്സ് സംഘവുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് സിറിയന്‍ പ്രസിഡന്റ് ഈ ഉറപ്പ് നല്‍കിയത്.

1915-16 കാലയളവില്‍ ഒട്ടോമന്‍ മേഖലയില്‍ വംശഹത്യക്കിരയായ അര്‍മേനിയക്കാരായ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണ് സിറിയന്‍ സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കുവാന്‍ പോകുന്നത്. 1991-ലാണ് ഈ ദേവാലയത്തിന്റെ സമര്‍പ്പണ കര്‍മ്മം നടന്നത്. 2014-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണകാലത്ത് ഡെയിര്‍ എസ്-സോറിന്റെ പകുതിയോളം ഭാഗം തീവ്രവാദികളുടെ നിയന്ത്രണത്തിനു കീഴിലായിരുന്നു. നൂറുകണക്കിന് ഗോത്രവര്‍ഗ്ഗക്കാരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്.

2017 നവംബറിലാണ് സിറിയന്‍ സൈന്യം ഈ നഗരം തിരികെപ്പിടിക്കുന്നത്. വംശഹത്യക്കിരയായ രക്തസാക്ഷികളുടെ സ്മരണാര്‍ത്ഥം പണികഴിപ്പിച്ച ഈ ദേവാലയത്തില്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ക്ക് പുറമേ ഒരു മ്യൂസിയവും ഉള്‍പ്പെടുന്നു.യുദ്ധത്താല്‍ ചിന്നഭിന്നമായ സിറിയയുടെ പുനര്‍നിര്‍മ്മാണത്തില്‍ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്ന് പാര്‍സെഗിയാന്റെ നേതൃത്വത്തിലുള്ള ബിസിനസ്സ് സംഘം അറിയിച്ചിട്ടുണ്ട്.


Related Articles »