News - 2025
ഇറാഖി ക്രൈസ്തവ പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരന്‍ ഇനി മൊസൂളിലെ വിശ്വാസികളുടെ തലവന്‍
സ്വന്തം ലേഖകന്‍ 14-01-2019 - Monday
ഇര്‍ബില്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് ആധിപത്യത്തിന്റെ കാലത്ത് തീവ്രവാദികളില്‍ നിന്നു ഇറാഖിന്റെ ക്രൈസ്തവ പാരമ്പര്യത്തെ കുറിച്ചുള്ള അമൂല്യ ശേഷിപ്പുകള്‍ സംരക്ഷിക്കുവാന്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ ഫാ. നജീബ് മിഖായേല്‍ മൌസ്സാ മൊസൂളിലെ കല്‍ദായ സമൂഹത്തിന്റെ പുതിയ മെത്രാപ്പോലീത്ത. ഡിസംബര്‍ അവസാനമാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കല്‍ദായ സഭാ മെത്രാന്‍ സമിതിയാണ് അറുപത്തിമൂന്നുകാരനായ ഫാ. മൌസ്സായെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തത്. ഇത് ഫ്രാന്‍സിസ് പാപ്പാ അംഗീകരിക്കുകയായിരുന്നു.
ഇറാഖിന്റെ പരിതാപകരമായ അവസ്ഥ ലോകത്തിന് മുന്നില്‍ എത്തിക്കുവാന്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇര്‍ബിലിലെ ആര്‍ച്ച് ബിഷപ്പ് ബാഷര്‍ വര്‍ദായുടെ ഉറ്റ സുഹൃത്താണ് നിയുക്ത ബിഷപ്പ്. തന്റെ അജഗണങ്ങളോടും അവരുടെ പൈതൃകത്തോടും സ്നേഹമുള്ള വ്യക്തിത്വമെന്നാണ് ഫാ. മൌസ്സായെ അഭിനന്ദിച്ചുകൊണ്ട് വാര്‍ദാ മെത്രാപ്പോലീത്ത നിയമനത്തിന് ശേഷം പറഞ്ഞത്. മൊസൂളില്‍ ജനിച്ച ഫാദര്‍ മൌസ്സാ ഓയില്‍ മേഖലയില്‍ ജോലി നോക്കുന്നതിനിടെയാണ് ക്രൈസ്തവ വിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെട്ട് സെമിനാരിയില്‍ ചേര്‍ന്നത്.
1987-ല്‍ ഡൊമിനിക്കന്‍ പുരോഹിതനായി അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. പുരാതന കയ്യെഴുത്ത് പ്രതികള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്ന ഓറിയന്റല്‍ മാനുസ്ക്രിപ്റ്റ് ഡിജിറ്റൈസേഷന്‍ സെന്ററിന്റെ സ്ഥാപകനും കൂടിയാണ് ഫാ. മൌസ്സാ. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആക്രമണ സമയത്ത് നിരവധി അമൂല്യ കയ്യെഴുത്ത് പ്രതികള്‍ അദ്ദേഹം തന്റെ കാറില്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഫാ. മൌസ്സാക്ക് പുറമേ, ബാഗ്ദാദിലെ കല്‍ദായ സഹായ മെത്രാനായി ഫാ. റോബര്‍ട്ട് ജാര്‍ജിസിന്റെ നിയമനത്തിനും പാപ്പാ അംഗീകാരം നല്‍കി. ബാഗ്ദാദിലെ ഇടവക വികാരിയായി സേവനം ചെയ്തിട്ടുള്ള വൈദികനാണ് റവ. ഫാ. റോബര്‍ട്ട് ജാര്‍ജിസ്.
