News
ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശവും ക്രൈസ്തവര്‍ നേരിട്ട പീഡനവും പ്രമേയമാക്കി ഡോക്യുമെന്ററി
പ്രവാചകശബ്ദം 03-03-2025 - Monday
നിനവേ: രണ്ടായിരം വര്‍ഷത്തോളം ക്രൈസ്തവ പാരമ്പര്യമുള്ള നിനവേ ഉള്‍പ്പെടെ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വിതച്ച വന്‍ അധിനിവേശത്തിനും അക്രമത്തിനും പത്തു വര്‍ഷം തികഞ്ഞ പശ്ചാത്തലത്തില്‍ ക്രൈസ്തവരെ കേന്ദ്രമാക്കി ഡോക്യുമെന്ററിയുമായി പ്രമുഖ കത്തോലിക്ക മാധ്യമമായ ഇഡബ്ല്യുടിഎന്‍. മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും ഉൾക്കൊള്ളിച്ച് വാര്‍ത്തകള്‍ പുറത്തെത്തിക്കുന്ന 'എസിഐ മെന'യുമായി സഹകരിച്ചാണ് ഡോക്യുമെൻ്ററി പുറത്തിറക്കിയിരിക്കുന്നത്.
നിനവേ താഴ്വരയില്‍ നിന്നുള്ള നിരവധി ക്രൈസ്തവര്‍ ഐസിസ് അധിനിവേശ കാലത്തു തങ്ങള്‍ നേരിട്ട വേദനാജനകമായ അനുഭവങ്ങള്‍ "Christians Fight To Survive: ISIS in Iraq" എന്ന പേരില്‍ പുറത്തിറക്കിയ ഡോക്യുമെന്‍ററിയില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുള്ളതാണ് ഡോക്യുമെന്‍ററി.
ക്രൈസ്തവ സാഹചര്യങ്ങളെ കുറിച്ചും എഡി നാലാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ആശ്രമത്തെ കുറിച്ചും വടക്കൻ ഇറാഖിലെ സിറിയൻ കത്തോലിക്കാ ആശ്രമമായ മാർ ബെഹ്നാമിന്റെയും മര്‍ത്തായുടെയും ആശ്രമത്തിൻ്റെ പ്രസിഡൻ്റ് ഫാ. മാസിൻ മട്ടോക്ക വിവരിക്കുന്നു. ക്രൈസ്തവര്‍ക്ക് മുന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അവതരിപ്പിച്ച 3 സാധ്യതകള്‍ ഡോക്യുമെൻ്ററിയിൽ, ഇർബിലിലെ കല്‍ദായ അതിരൂപത ആർച്ച് ബിഷപ്പ് ബാഷർ വാർദ പങ്കുവെച്ചു. ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുക, ജിസിയ (സംരക്ഷണ നികുതി) അടയ്ക്കുക, അല്ലെങ്കിൽ പലായനം ചെയ്യുക തുടങ്ങിയ പ്രാകൃത നിയമങ്ങളാണ് ക്രൈസ്തവര്‍ക്ക് മുന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് നിരത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർബന്ധിത കുടിയിറക്കൽ മൂലമുള്ള ക്രൈസ്തവരുടെ ദുരിതങ്ങളും, അഭയകേന്ദ്രങ്ങളില്ലാതെ, സുരക്ഷിതത്വമില്ലാതെ, സ്വന്തം നാടും ഭവനവും ദേവാലയങ്ങളും നഷ്ടപ്പെട്ട് രാജ്യത്ത് പാർശ്വവൽക്കരിക്കപ്പെട്ടതിൻ്റെ വേദന മൊസൂളിലെ സിറിയന്‍ കത്തോലിക്ക അതിരൂപത ആർച്ച് ബിഷപ്പ് ബെനഡിക്ടസ് യൂനാൻ ഹാനോ ഡോക്യുമെന്‍ററിയില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇറാഖിലെ നാമാവിശേഷമായ ദേവാലയങ്ങളുടെയും ഗ്രാമങ്ങളുടെയും കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ഡോക്യുമെന്‍ററി പുറത്തിറക്കിയിരിക്കുന്നത്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
