News - 2025
പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന് ഇനി എട്ടു നാള്‍: ഒരുക്കങ്ങള്‍ സജീവം
സ്വന്തം ലേഖകന്‍ 26-01-2019 - Saturday
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപരമായ ഗള്‍ഫ് സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ശേഷിക്കേ കൂടുതല്‍ ഒരുക്കങ്ങളുമായി ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയത്ത്. പാപ്പയുടെ സന്ദര്‍ശനത്തെ സംബന്ധിച്ചുള്ള വിവരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ഫേസ്ബുക്ക് അക്കൗണ്ട് വികാരിയാത്ത് ആരംഭിച്ചിട്ടുണ്ട്. പാപ്പയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച വിവരങ്ങള്‍ ഉടനടി നല്‍കുന്ന uaepapalvisit.org എന്ന പോര്‍ട്ടല്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് അക്കൗണ്ടും സജീവമാക്കിയിരിക്കുന്നത്. www.facebook.com/avosarabia എന്നതാണ് ഫേസ്ബുക്ക് പേജിന്റെ വിലാസം.
മാര്‍പാപ്പയുടെ സന്ദര്‍ശനത്തില്‍ ദിവ്യബലിയില്‍ പങ്കെടുക്കാനുള്ള വിശ്വാസികള്‍ക്ക് വളരെ ഉപകാരപ്രദമാണു പേജിലെ വിവരങ്ങള്‍. ദിവ്യബലിയില്‍ പങ്കെടുക്കുന്നതിന് സൗജന്യ പാസാണ് നല്‍കിയിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ ഔദ്യോഗിക കൂടിക്കാഴ്ച അടക്കം മറ്റു പരിപാടികളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെയാണ് പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലി സംബന്ധമായി യുഎഇയില്‍ വന്ന് വസിക്കുന്ന ലക്ഷക്കണക്കിനു ക്രൈസ്തവ വിശ്വാസികള്‍ക്ക് സന്തോഷവും, ഊര്‍ജവും പകരുന്നതാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം.
