News - 2024

ലൂര്‍ദ്ദില്‍ അത്ഭുതരോഗ സൗഖ്യം ലഭിച്ച ഫ്രഞ്ച് കന്യാസ്ത്രീ പാപ്പയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 26-01-2019 - Saturday

വത്തിക്കാന്‍ സിറ്റി: മുപ്പതു വർഷത്തോളം തളർവാത രോഗിയായി ലൂർദ്ദിലെ തീർത്ഥാടനത്തിന് ശേഷം അത്ഭുത സൗഖ്യം പ്രാപിച്ച സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ മൊറിയോ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലൂര്‍ദ്ദ് മാതാവിന്റെ മധ്യസ്ഥതയാല്‍ നടന്ന അംഗീകരിക്കപ്പെട്ട അത്ഭുതങ്ങളില്‍ ഏറ്റവും ഒടുവിലത്തെ അത്ഭുത രോഗശാന്തിക്കുടമയായ ഈ ഫ്രഞ്ച് കന്യാസ്ത്രീ ജനുവരി 21-ന് വത്തിക്കാനിലെ സാന്താ മാര്‍ട്ടായില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിനു ശേഷമാണ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. രോഗികള്‍ക്ക് വേണ്ടി താന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കാറുണ്ടെന്ന് കൂടിക്കാഴ്ചക്കിടയില്‍ പാപ്പാ പറഞ്ഞു.

ബിയാവുവൈസിലെ മെത്രാനായ ജാക്വസ് ബെനോയിറ്റ്ഗോന്നിന്‍, ലെ ഫിഗാരോ എന്നാ ഫ്രഞ്ച് മാഗസിന്റെ ചീഫ് എഡിറ്ററായ മാരി ഗിനോയിസ് എന്നിവരും സിസ്റ്റര്‍ ബെര്‍ണാഡെറ്റെയെ അനുഗമിച്ചിരുന്നു. സിസ്റ്ററിനു ലഭിച്ച അത്ഭുത സൗഖ്യാനുഭവത്തെക്കുറിച്ചുള്ള ‘മൈ ലൈഫ് ഈസ്‌ എ മിറക്കിള്‍’ എന്ന ജീവചരിത്രം സിസ്റ്ററും ഗിനോയിസും ഒരുമിച്ചാണ് എഴുതിയിരിക്കുന്നത്. കൂടിക്കാഴ്ചക്കിടയില്‍ പാപ്പയ്ക്ക് ഈ പുസ്തകത്തിന്റെ കോപ്പിയും സിസ്റ്റര്‍ ബെര്‍ണാഡെറ്റെ പാപ്പയ്ക്ക് സമ്മാനിച്ചു. 40 വര്‍ഷമായി ‘അക്യൂട്ട് സിയാറ്റിക് നെര്‍വ്’ എന്ന രോഗം മൂലം ഭാഗികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു അവര്‍.

2008 ൽ ലൂർദ്ദിലെ പ്രത്യക്ഷീകരണങ്ങളുടെ നൂറ്റിഅമ്പതാം വാർഷികം പ്രമാണിച്ചു രൂപതയിൽ നിന്നുമുള്ള സംഘത്തോടൊപ്പമാണ് സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ ലൂര്‍ദ്ദില്‍ എത്തിയത്. തീര്‍ത്ഥാടനത്തിനു ശേഷം തിരിച്ചു കോണ്‍വന്‍റിലെത്തിയപ്പോള്‍, തന്റെ കാലില്‍ ഘടിപ്പിച്ചിരിക്കുന്ന ബ്രേസുകള്‍ നീക്കുവാന്‍ ആരോ തന്നോട് പറയുന്നതായി സിസ്റ്ററിനു തോന്നി. സംശയം കൂടാതെ അപ്രകാരം ചെയ്ത സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ അത്ഭുതകരമായി എണീറ്റ് നടക്കുകയായിരിന്നു. പിന്നീട് വിശദമായ പഠനമാണ് നടന്നത്.

അത്ഭുതത്തെക്കുറിച്ച് പ്രാദേശിക മെത്രാനാണ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്നു നടന്ന വിദഗ്ദ്ധമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് ശാസ്ത്രത്തിന് അതീതമായ അത്ഭുതമാണ് നടന്നിരിക്കുന്നതെന്ന് മെഡിക്കല്‍ സമിതി സാക്ഷ്യപ്പെടുത്തിയത്. ലൂര്‍ദ്ദ് മാതാവിന്റെ മധ്യസ്ഥതയാല്‍ എണ്ണായിരത്തോളം അത്ഭുതങ്ങളാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെങ്കിലും, ലൂര്‍ദ്ദിലെ മെഡിക്കല്‍ കമ്മീഷന്‍ വെറും 70 അത്ഭുതങ്ങള്‍ക്ക് മാത്രമാണ് അംഗീകാരം നല്‍കിയിട്ടുള്ളത്‌. സിസ്റ്റര്‍ ബെര്‍ണാഡെറ്റെയുടെ രോഗശാന്തിയാണ് വത്തിക്കാന്‍ അംഗീകരിച്ച അവസാനത്തെ അത്ഭുതം.


Related Articles »