India - 2025

ന്യൂനപക്ഷ അവകാശങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തില്‍ നിന്ന്‍ പിന്മാറണം: മാര്‍ ജോസഫ് പാംപ്ലാനി

09-02-2019 - Saturday

കണ്ണൂര്‍: കേരള വിദ്യാഭ്യാസ നിയമത്തിന്റെ ഭേദഗതിയിലൂടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂച്ചുവിലങ്ങിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. കെഇആര്‍ ഭേദഗതിയിലൂടെ ന്യൂനപക്ഷവിഭാഗത്തിന്റെ അവകാശങ്ങള്‍ ഹനിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡി.ആര്‍. ജോസ് അധ്യക്ഷത വഹിച്ചു. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ മാനേജര്‍ ഫാ. ഡൊമിനിക് മാടത്താനി എസ്‌ജെ, സംസ്ഥാന സെക്രട്ടറി മാത്യു ജോസഫ് വരമ്പുങ്കല്‍, കോഴിക്കോട് മേഖല പ്രസിഡന്റ് ബിജു ഓളാട്ടുപുറം, കോഴിക്കോട് മേഖല ട്രഷറര്‍ ബിജു കുറുമുട്ടം, സംസ്ഥാന വൈസ് പ്രസിഡന്റ് സിബി വലിയമറ്റം എന്നിവര്‍ പ്രസംഗിച്ചു. തലശേരി അതിരൂപത അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു ശാസ്താംപടവില്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സി.ഡി. സജീവ് നന്ദിയും പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍, ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി, സി.ടി. വര്‍ഗീസ്, തലശേരി അതിരൂപത സെക്രട്ടറി ജോബി ജോണ്‍ മൂലയില്‍, ട്രഷറര്‍ ജയിംസ് മന്നാകുളം, ഡോ. റോസ എംസി, ടി.ജെ. എല്‍സമ്മ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് നഗരത്തില്‍ നിന്ന് സമ്മേളന വേദിയായ സെന്റ് മൈക്കിള്‍സ് സ്‌കൂളിലേക്ക് അധ്യാപക റാലി നടക്കും.


Related Articles »