India - 2024
ജലന്ധര്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്‍ സഹോദയ
സ്വന്തം ലേഖകന്‍ 31-03-2019 - Sunday
ന്യൂഡല്‍ഹി: ജലന്ധറിലെ സഹോദയ കമ്പനിയില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു സഹോദയ ഡയറക്ടര്‍ ഫാ. പി. ജോണ്‍ അറിയിച്ചു. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഫാ. ആന്റണി മാടശേരില്‍ അറസ്റ്റിലാണെന്നും പോലീസ് കസ്റ്റഡിയില്‍ ആണെന്നുമുള്ള വാര്‍ത്തകളും വാസ്തവമല്ല. പിടിച്ചെടുത്തതു രേഖയില്ലാത്ത പണമാണെന്ന വാര്‍ത്തകള്‍ വ്യാജവും വസ്തുതകള്‍ക്കു നിരക്കാത്തതുമാണെന്നും ഫാ. ജോണ്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പിടിച്ചെടുത്തുവെന്നു പറയുന്ന പണത്തിന്റെ കൃത്യമായ ഉറവിടം വ്യക്തമാക്കുന്ന രേഖകള്‍ ഉണ്ടെന്നാണ് ഇപ്പോഴുള്ള വിവരം. കണക്കില്‍ പെടാത്ത പണം സൂക്ഷിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും പത്തു കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു എന്നായിരുന്നു വാര്‍ത്ത. ജലന്ധര്‍ രൂപത വൈദികന്‍ ആന്റണി മാടശേരിയെയാണ് അന്യായമായി പണം സൂക്ഷിച്ചു എന്നാരോപിച്ചു പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.
എന്നാല്‍, ജലന്ധര്‍ രൂപതയില്‍പ്പെട്ട എല്ലാ സ്‌കൂളുകളിലേക്കും ബുക്കെടുക്കുന്ന സഹോദയാ ബുക്ക് സൊസൈറ്റിയില്‍ പണമടയ്ക്കാന്‍ വേണ്ടി സ്‌കൂളിലെ കുട്ടികളില്‍ നിന്നു സമാഹരിച്ച പണം കോര്‍പറേറ്റ് മാനേജറുടെ ഓഫീസില്‍ ബാങ്കുകാര്‍ എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിലാണു റെയ്ഡ് നടന്നത്. പൂര്‍ണമായും കണക്കില്‍ പെടുന്ന പണമാണിത്. കുട്ടികളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും പണം സ്വീകരിച്ചതിന്റെ രസീതുകളും ഓഫീസിലുണ്ട്. ഇതു നല്‍കാമെന്നു പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ബന്ധപൂര്‍വം പണം പിടിച്ചെടുക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജലന്ധര്‍ രൂപത പോലീസ് കമ്മീഷണര്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്കിയിട്ടുണ്ട്.
അതേസമയം, റെയ്ഡിനു പിന്നില്‍ ജലന്ധറിലെ തന്നെ മറ്റൊരു വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ഇടപെടല്‍ ഉള്ളതായും ആരോപണം ഉ!യര്‍ന്നിട്ടുണ്ട്. ആരോ പോലീസിനു തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിവരം നല്‍കി റെയ്ഡ് നടത്തിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. പണവുമായി സഞ്ചരിക്കുകയായിരുന്ന മൂന്നു കാറുകളില്‍ നിന്നു പണം പിടിച്ചെടുത്തു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാല്‍, കോര്‍പറേറ്റ് മാനേജ്‌മെന്റ് ഓഫീസില്‍ നിന്നാണു പണം പിടിച്ചെടുത്തതെന്നും വാഹനത്തില്‍ നിന്നല്ല എന്നും എന്‍ഫോഴ്‌സ്‌മെന്റിന് രേഖകള്‍ ഉടന്‍ കൈമാറുമെന്നും ജലന്ധര്‍ രൂപത അറിയിച്ചു. വൈദികനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല.
ജലന്ധര്‍ രൂപതയുടെ കോര്‍പറേറ്റ് മാനേജ്‌മെന്റിന്റെ കീഴില്‍ നിരവധി സ്‌കൂളുകളാണുള്ളത്. ഇതില്‍ പലയിടത്തും 1000 മുതല്‍ 5000 വരെ കുട്ടികള്‍ ഉണ്ട്. ഈ സ്‌കൂളുകളില്‍ മുഴുവനും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത് സഹോദയ സൊസൈറ്റിയാണ്. ഇതിനു തുക എല്ലാ സ്‌കൂളുകളില്‍ നിന്നു ശേഖരിച്ചത് കോര്‍പറേറ്റ് ഓഫീസില്‍ നിന്നു ബാങ്കിലേക്ക് കൈമാറുന്നതിനിടയ്ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് പണം പിടിച്ചെടുത്തതെന്നുമാണ് വിവരം.