India - 2024
പോലീസ് കസ്റ്റഡിയിലുള്ള ഡിവിഡിയില്‍ കൃത്രിമം കാണിക്കുന്നതെങ്ങനെ: ചോദ്യമുയര്‍ത്തി ജലന്ധര്‍ രൂപത
സ്വന്തം ലേഖകന്‍ 29-07-2019 - Monday
ജലന്ധര്‍: പോലീസിന്റെ പക്കലുള്ള ഡിവിഡിയില്‍ ബിഷപ്പ് ഫ്രാങ്കോ കൃത്രിമം കാണിക്കുന്നതെങ്ങനെയെന്നു ചോദ്യമുയര്‍ത്തി ജലന്ധര്‍ രൂപതയുടെ പത്രക്കുറിപ്പ്. കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും ശരിയായ പകര്‍പ്പ് ലഭിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ പരാതി കോടതി ശരിവച്ചതിനെത്തുടര്‍ന്ന് രേഖകള്‍ കിട്ടാത്തതു ബിഷപ്പ് കൃത്രിമം കാണിച്ചിട്ടാണെന്ന മട്ടിലുള്ള പ്രചാരണത്തിനെതിരേയാണ് രൂപത രംഗത്തുവന്നത്. നേരത്തെ കുറ്റപത്രത്തിന്റെ ഭാഗമായി പ്രതിഭാഗത്തിനവകാശപ്പെട്ട രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറാന്‍ പ്രതിഭാഗം അഭിഭാഷകന്‍ നിരന്തരമായി അഭ്യര്‍ഥിച്ചിരുന്നു.
തുടര്‍ന്നു കോടതിയുടെ നിര്‍ദേശപ്രകാരം രേഖകള്‍ പ്രതിഭാഗത്തിനു കൈമാറാനായി 2019 ജൂലൈ 26നു പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവിഡി സമര്‍പ്പിച്ചു. എന്നാല്‍, ഈ ഡിവിഡിയില്‍ ശരിയായ രേഖകള്‍ ഇല്ലെന്നു കോടതി കണ്ടെത്തി. ശരിയായ ഡിവിഡി ഹാജരാക്കാന്‍ നിര്‍ദേശിച്ചു. പോലീസ് വരുത്തിയ ഈ കൃത്രിമം ബിഷപ്പിനെ സഹായിക്കാനുള്ളതാണെന്ന ആരോപണം ദുരുദ്ദേശ്യപരമാണെന്നു രൂപത പത്രക്കുറിപ്പില്‍ പറഞ്ഞു.
കോടതി നടപടികളുടെ ഭാഗമായി വാദിഭാഗത്തിന്റെയും പ്രതി ഭാഗത്തിന്റെയും മുന്‍പാകെ ഡിവിഡി പരിശോധിച്ചപ്പോഴാണ് ഡിവിഡിയിലെ മൂന്നു ഫോള്‍ഡറുകളില്‍ രണ്ടെണ്ണത്തിലും ഒന്നുമുണ്ടായിരുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടത്. നിരവധി തവണ കോടതി ചേര്‍ന്നപ്പോഴും വാദിഭാഗം പ്രതിഭാഗത്തിനു കൈമാറാന്‍ തയാറാകാതിരുന്ന രേഖകളില്‍പ്പെട്ട ഡിവിഡിയിലാണ് ഇങ്ങനെയൊരു കൃത്രിമം നടന്നിരിക്കുന്നതെന്നതാണു ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ കേരള സര്‍ക്കാര്‍ പതിവ് സ്ഥലം മാറ്റത്തിന്റെ ഭാഗമായി കോട്ടയം ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയിരുന്നു.
എന്നാല്‍, ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയതു കേസ് അട്ടിമറിക്കാനെന്നു വാദിഭാഗംതന്നെ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നു മണിക്കൂറുകള്‍ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയിലേക്കുതന്നെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. അതിനാല്‍ത്തന്നെ സിസ്റ്റര്‍ അനുപമയുടെ ആവശ്യപ്രകാരം കോട്ടയം ജില്ലയിലേക്കു തിരിച്ചു നിയമിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുഭാഷ് കോടതിയില്‍ സമര്‍പ്പിച്ച ഡിവിഡിയില്‍ ബിഷപ്പ് ഫ്രാങ്കോ കൃത്രിമം കാണിച്ചിരിക്കുന്നു എന്ന ആരോപണം പൊതുസമൂഹത്തെ കബളിപ്പിക്കാനുള്ള തന്ത്രമാണ്.
ആയതിനാല്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയുടെ കൈവശം വച്ചിരിക്കുന്ന ഡിവിഡിയില്‍ കൃത്രിമം നടത്തിയത് ആരാണെന്നു കണ്ടെത്താനുള്ള ഉത്തരവാദിത്തം പോലീസിന്റേതുതന്നെയാണെന്നു രൂപത കരുതുന്നു. അതോടൊപ്പംതന്നെ ആ ഡിവിഡിയിലുള്ള രേഖകള്‍ ഒരുപക്ഷേ വാദിഭാഗത്തിന് എതിരാണെന്നുള്ള ബോധ്യത്തോടെ ബോധപൂര്‍വം അതു നശിപ്പിക്കാനുള്ള ശ്രമമായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പത്രക്കുറിപ്പില്‍ പറയുന്നു.