News - 2024

ജലന്ധര്‍: കള്ളക്കേസ് ചമഞ്ഞ് പണം തട്ടിയ പോലീസുകാരെ പിരിച്ചുവിട്ടു

സ്വന്തം ലേഖകന്‍ 12-08-2019 - Monday

പട്യാല: ജലന്ധര്‍ രൂപതയിലെ സഹോദയ സൊസൈറ്റിയുടെ കോടികള്‍ തട്ടിയെടുത്തു വൈദികനെതിരെ കള്ളക്കേസ് ഉണ്ടാക്കിയ മൂന്ന് എഎസ്‌ഐ അടക്കം നാലു പേരെ പഞ്ചാബ് പോലീസ് സര്‍വീസില്‍ നിന്നു പുറത്താക്കി. പട്യാല സീനിയര്‍ പോലീസ് ഓഫീസര്‍ മന്ദീപ് സിംഗ് സിദ്ദുവാണ് ഇവരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടിരിക്കുന്നത്. എഎസ്‌ഐമാരായ ജോഗിന്ദര്‍ സിംഹ്, രാജ്പ്രീത് സിംഗ്, ദില്‍ബാഗ് സിംഗ്, ഹെഡ് കോണ്സ്റ്റുബിള്‍ അമ്രിക് സിംഗ് എന്നിവരെയാണ് വകുപ്പുതല അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി ഡിസ്മിസല്‍ നടപടികള്‍ക്കു വിധേയമാക്കിയത്. ഇവരിപ്പോള്‍ പട്യാല സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ നടപടികള്‍ നേരിടുകയാണ്.

കഴിഞ്ഞ മാര്‍ച്ച് 29നു ജലന്ധര്‍ രൂപത വൈദികന്‍ ഫാ. ആന്റണി മാടശേരി സഹോദയ സൊസൈറ്റിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെയാണു പോലീസെത്തി പണം പിടിച്ചെടുത്തത്. വിവിധ സ്‌കൂളുകള്‍ക്കുള്ള സഹോദയ ബുക്ക് സൊസൈറ്റിയുടെ അക്കൗണ്ടില്‍ അടയ്ക്കുന്നതിനുള്ളതായിരുന്നു തുക. പോലീസ് പിടിച്ചെടുത്ത 16.65 കോടി രൂപയില്‍ 6.66 കോടി രൂപ കാണാതായെന്ന പരാതി ഉയര്‍ന്നു. സംഭവം വിവാദമായതോടെ ഐജി പ്രവീണ്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (എസ്‌ഐടി) അന്വേഷണം ആരംഭിക്കുകയായിരിന്നു. തെറ്റായ വിവരത്തിന്റെ പേരില്‍ പോലീസ് റെയ്ഡ് നടത്തിയതില്‍ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും പിടിച്ചെടുത്ത പണത്തില്‍ തട്ടിപ്പു നടത്തിയെന്നും എസ്‌ഐടി നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ രണ്ട് എഎസ്‌ഐമാരെ സസ്‌പെന്‍ഡ് ചെയ്തത്. വൈകാതെ വ്യാജരേഖ ഉപയോഗിച്ച് കൊച്ചിയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരെ കേരള പോലീസ് അറസ്റ്റ് ചെയ്തു. റെയ്ഡ് നടപടികള്‍ക്കും പണം തട്ടിപ്പിനും മേല്‍നോട്ടം വഹിച്ചതായി കണ്ടെത്തിയ ഖന്ന സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് ധ്രുവ് ദാഹിയയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തത്സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ഹവാല പണം എന്നാരോപിച്ച് വൈദികന്റെ കൈയില്‍ നിന്നു പണം പിടിച്ചെടുത്ത സംഭവത്തിലെ അന്വേഷണ മേല്‍നോട്ടമായിരുന്നു ധ്രുവ് ദാഹിയയ്ക്ക് ഉണ്ടായിരുന്നത്.

ബിഷപ്പ് ഫ്രാങ്കോയുടെ അടുപ്പക്കാരനില്‍നിന്നു കള്ളപ്പണം പിടിച്ചു എന്ന ആരോപണം ഉയര്‍ത്തി ചില മാധ്യമങ്ങള്‍ വലിയ രീതിയില്‍ വ്യാജ പ്രചരണം നടത്തിയിരിന്നു. എന്നാല്‍, ജലന്ധര്‍ രൂപതയിലെ സ്‌കൂളുകളില്‍നിന്നു ശേഖരിച്ചു ബാങ്കില്‍ അടയ്ക്കാന്‍ സൂക്ഷിച്ചിരുന്ന കൃത്യമായ രേഖകളുള്ള പണമാണ് പോലീസ് അനധികൃതമായി പിടിച്ചുകൊണ്ടുപോയതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്ത പിന്‍വലിച്ചു മാപ്പ് പറയണമെന്നാണ് ഏവരുടെയും ആവശ്യം.


Related Articles »