India - 2024
ജലന്ധര്‍: പോലീസ് 6.5 കോടി വെട്ടിച്ചതായി കണ്ടെത്തി; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
15-04-2019 - Monday
ജലന്ധര്‍: പഞ്ചാബില്‍ മലയാളി വൈദികന്റെ താമസസ്ഥലം റെയ്ഡ് ചെയ്തു പണം പിടിച്ചെടുത്ത പോലീസിന് തിരിച്ചടി. പിടിച്ചെടുത്ത പണത്തില്‍ ആറരക്കോടി കാണാതായ സംഭവത്തില്‍ രണ്ടു പോലീസുകാരടക്കം മൂന്നു പേര്‍ക്കെതിരേ കേസെടുത്തു. ജലന്ധര്‍ രൂപത വൈദികനായ ഫാ. ആന്റണി മാടശേരിയുടെ വീട്ടില്‍നിന്നു പോലീസ് പിടിച്ചെടുത്ത 16.65 കോടിയില്‍ ആറരക്കോടി പോലീസ് മുക്കിയെന്ന വൈദികന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പഞ്ചാബ് പോലീസിന്റെ പ്രത്യേക സംഘമാണു പരാതിയില്‍ കഴന്പുണ്ടെന്നു കണ്ടെത്തിയത്. പോലീസ് കൊണ്ടുപോയ പണത്തിന്റെ കൃത്യമായ രേഖ വൈദികന്‍ ഹാജരാക്കിയതോടെയാണ് പോലീസ് വെട്ടിലായത്.
മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ പണം കടത്തിയതിനു രണ്ട് എഎസ്ഐമാരുള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പണത്തെക്കുറിച്ചു പോലീസിനു വിവരം കൈമാറിയ ആള്‍ക്കെതിരേയും കേസുണ്ട്. കഴിഞ്ഞ മാര്‍ച്ച് 29ന് ഫാ. ആന്റണിയും മറ്റ് അഞ്ചുപേരും സഞ്ചരിച്ചിരുന്ന കാറില്‍നിന്നു 9.66 കോടി രൂപ പിടിച്ചെടുത്തെന്നാണു കേസെടുത്ത ഖന്ന പോലീസ് അവകാശപ്പെട്ടിരുന്നത്. വാഹനത്തില്‍ കൊണ്ടുപോയ കണക്കില്ലാത്ത പണം പിടിച്ചെടുത്തെന്ന മട്ടില്‍ റെയ്ഡിനു ശേഷം പോലീസ് പത്രസമ്മേളനവും നടത്തിയിരുന്നു. എന്നാല്‍, ഈ വാദവും കളവാണെന്നു പ്രത്യേക സംഘം കണ്ടെത്തി.
ഫാ.ആന്റണി മാടശേരി പഞ്ചാബ് ഡിജിപി ദിന്‍ങ്കര്‍ ഗുപ്തയ്ക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഐജി പ്രവീണ്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പണത്തിനു കൃത്യമായ രേഖകള്‍ ഉണ്ടെന്നു ഫാ.ആന്റണി മാടശേരി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജലന്ധര്‍ രൂപതയുടെ കീഴിലുള്ള സ്‌കൂളുകളില്‍ പുസ്തകവും പഠനോപകരണങ്ങളും ലഭ്യമാക്കുന്നതു താന്‍ ഡയറക്ടറായ സഹോദയ സൊസൈറ്റി ആണെന്നും അതിനായി സ്‌കൂളുകളില്‍നിന്നു ശേഖരിച്ച പണമാണ് പോലീസ് വന്നു റെയ്ഡ് ചെയ്തു കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാഹനത്തില്‍നിന്നു പണം പിടിച്ചെന്ന പോലീസിന്റെ വാദവും അദ്ദേഹം നിഷേധിച്ചു. ബാങ്ക് ഉദ്യോഗസ്ഥര്‍ തന്റെ താമസ സ്ഥലത്തെത്തി പണം ബാങ്കിലേക്കു കൊണ്ടുപോകാനായി എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിലാണു പോലീസ് ഇരച്ചെത്തി ബലം പ്രയോഗിച്ചു പണം കടത്തിക്കൊണ്ടുപോയത്. ആറര കോടി വരെ എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞപ്പോഴാണ് പോലീസ് എത്തിയതെന്നു ബാങ്ക് ഉദ്യോഗസ്ഥരും പറഞ്ഞു. പോലീസ് 16.65 കോടി രൂപയാണ് പിടിച്ചെടുത്തെന്നു മാര്‍ച്ച് 31ന് നടത്തിയ പത്രസമ്മേളനത്തില്‍ ഫാ. ആന്റണി മാടശേരി ചൂണ്ടിക്കാട്ടി. എന്നാല്‍, കൊണ്ടുപോയതിനേക്കാള്‍ ആറരക്കോടി കുറച്ചാണ് ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കു പോലീസ് കൈമാറിയത്. ഈ വാര്‍ത്തയെ അവഗണിച്ച മാധ്യമങ്ങള്‍ സത്യം പുറത്തു വന്നതിന് ശേഷം നിശബ്ദത തുടരുകയാണ്.