India - 2024

വെളിച്ചം പരത്തുന്നവരാകാന്‍ ഉയിര്‍പ്പ് തിരുനാളില്‍ ക്രിസ്തു ക്ഷണിക്കുന്നു: കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 21-04-2019 - Sunday

കൊച്ചി: പ്രത്യാശയുടെ വെളിച്ചം പരത്തുന്നവരാകാനാണ് ഉയിര്‍പ്പ് തിരുനാളിലൂടെ യേശു എല്ലാവരെയും ക്ഷണിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍സമിതി. ഈസ്റ്റര്‍ ദിന സന്ദേശത്തിലാണ് കെ‌സി‌ബി‌സിയുടെ പ്രസ്താവന. മനുഷ്യബന്ധങ്ങളില്‍ സമാധാനവും ശാന്തിയും പുനഃപ്രതിഷ്ഠിക്കാന്‍ ഉയിര്‍പ്പു തിരുനാളിന്റെ സന്ദേശം കരുത്തു നല്‍കണമെന്നും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ഈസ്റ്റര്‍ മംഗളങ്ങള്‍ ഏവര്‍ക്കും ആശംസിക്കുന്നതായും കെ‌സി‌ബി‌സി പ്രസ്താവനയില്‍ കുറിച്ചു.

മൂല്യങ്ങളെക്കാള്‍ ലാഭവും കരുണയില്ലാതെ വിജയം മാത്രം ലക്ഷ്യമാക്കുന്ന പുത്തന്‍ പ്രവണതകളും നമ്മുടെ സമൂഹത്തെ സ്വാധീച്ചുകൊണ്ടിരിക്കുന്നു. അപരനുവേണ്ടി സ്വയം ബലിയാകുന്നതിലും വലിയ സ്‌നേഹമില്ലെന്നു പഠിക്കാന്‍ പ്രാപ്തരാകുന്‌പോഴാണ് നാം മെച്ചപ്പെട്ട മനുഷ്യരാകുന്നത്. പ്രത്യാശയുടെ വെളിച്ചം പരത്തുന്നവരാകാന്‍ ഈസ്റ്റര്‍ തിരുനാളിലൂടെ ക്രിസ്തു എല്ലാവരെയും ക്ഷണിക്കുന്നു. ത്മീയതയുടെ അടയാളവും മാതൃകയും തിരിച്ചറിയാനും കരുണയുടെ വക്താക്കളാകാനും എല്ലാവരും പ്രാപ്തരാകട്ടെ.

ദൈവം എല്ലാവരുടെയും പിതാവും മനുഷ്യരെല്ലാം അവിടുത്തെ മക്കളുമാണന്ന നന്മനിറഞ്ഞ സന്ദേശം എറ്റെടുക്കുന്നതിലൂടെ ഐക്യവും സഹോദര്യവും സമൂഹത്തില്‍ വളര്‍ത്താന്‍ ഉയിര്‍പ്പുതിരുനാളിലുടെ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്തമായി ആശംസിച്ചു.


Related Articles »