India
വാര്‍ത്തകളില്‍ പുതുവെളിച്ചം പകരാന്‍ ഷെക്കെയ്ന ചാനല്‍ മിഴി തുറന്നു
സ്വന്തം ലേഖകന്‍ 29-04-2019 - Monday
തൃശൂര്‍: സത്യത്തിന്റെ സാക്ഷ്യവുമായി വാര്‍ത്തകളില്‍ പുതുവെളിച്ചം പകരാന്‍ ഷെക്കെയ്ന ടെലിവിഷന്‍ മിഴി തുറന്നു. ദൈവ കരുണയുടെ ഞായറായ ഇന്നലെ വൈകിട്ട് 4 മണിയോടെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ചാനലിന് ദീപം തെളിച്ചത്. മൂല്യങ്ങളില്‍ അടിയുറച്ചുള്ള മാധ്യമപ്രവര്‍ത്തനമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നും ഉന്നതവും ഉദാത്തവുമായ ലക്ഷ്യത്തോടെ ആരംഭിക്കുന്ന ചാനലാണ് ഷെക്കെയ്‌ന ടെലിവിഷനെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ് ഷെക്കെയ്‌ന ടെലിവിഷന്റെ ലോഗോ പ്രകാശനം ചെയ്തു. ഫരിദാബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യക്കോസ് ഭരണികുളങ്ങര ടെലിവിഷന്റെ ലോഗോ ആനിമേഷനും ലോഗോയുടെ പശ്ചാത്തല സംഗീതവും പ്രകാശനം ചെയ്തു. ന്യൂസ് ചാനലിനൊപ്പം ഷെക്കെയ്‌ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ (www.shekinahonline.in) സ്വിച്ചോണ്‍ കര്‍മ്മം ഷംഷാബാദ് രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് നിര്‍വഹിച്ചു. തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴ്ത്ത്, തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി ഉള്‍പ്പടെ നിരവധി ബിഷപ്പുമാരും സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.
2000-ല്‍ ശുശ്രൂഷകള്‍ ആരംഭിച്ച കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെക്കെയ്ന സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ടെലിവിഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ലാഭേച്ഛ ഇല്ലാതെ ആരംഭിക്കുന്ന ഈ വാര്‍ത്ത ചാനല്‍ വാണിജ്യ പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യില്ല. ഇതിന്റെ പൂര്‍ണമായ മുതല്‍ മുടക്കും തുടര്‍ച്ചെലവും ജനങ്ങളുടെ കൂട്ടായ്മയില്‍ നിന്നാണ് ഉരുത്തിരിയുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ ഷെക്കെയ്‌ന ടെലിവിഷന് പ്രത്യേക ദൗത്യമുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാധ്യമ സംരംഭത്തിന് തുടക്കമിട്ടതെന്ന് മാനേജിംങ് ഡയറക്ടര്‍ സന്തോഷ് കരുമത്ര പറഞ്ഞു.
വാര്‍ത്തയുടെ മൂല്യത്തിനാകും ഷെക്കെയ്‌ന ടെലിവിഷന്‍ പരിഗണന നല്‍കുക. ഷെക്കെയ്‌നയുടെ പ്രേഷകന് ഉപകാരപ്രദമല്ലാത്ത ഒന്നും ചാനലില്‍ ഉണ്ടാകില്ലെന്നും ചീഫ് ന്യൂസ് ഡയറക്ടര്‍ ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ് വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ പ്രൈം ടൈമിലെ ഏതാനും മണിക്കൂറുകള്‍ നീളുന്ന സംപ്രേഷണമാണ് ഉണ്ടാകുക. മൂന്നു മാസത്തിനുള്ളില്‍ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും ആത്മീയ പ്രോഗ്രാമുകളുമടക്കം മുഴുവന്‍ സമയ സംപ്രേക്ഷണം ആരംഭിക്കും. തൃശൂരിലെ താളിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനലിന്റെ ചീഫ് പേട്രന്‍ തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴ്ത്താണ്.
Posted by Pravachaka Sabdam on