News - 2025
പിശാച് യാഥാര്‍ത്ഥ്യം: സാത്താന്റെ അസ്ഥിത്വം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 02-05-2019 - Thursday
വത്തിക്കാന്‍ സിറ്റി: സാത്താന്‍ എന്നത് മിഥ്യയല്ലായെന്നും യാഥാര്‍ത്ഥ്യമാണെന്നും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. തൊഴിലാളികളുടെയും സഭയുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി വണങ്ങുന്ന വിശുദ്ധ യൗസേപ്പിന്‍റെ തിരുനാള്‍ ദിനമായ ഇന്നലെ വത്തിക്കാനില്‍ വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മനുഷ്യന്‍റെ യാത്രയില്‍ പ്രകടമാകുന്ന പ്രലോഭനങ്ങളുടെ പിന്നില്‍ ദൈവമല്ലായെന്നും സ്വന്തം മക്കള്‍ക്ക് കെണികളും കുരുക്കുകളും ഒരുക്കുന്നത് ദൈവമാണെന്ന വിധത്തിലുള്ള വ്യാഖ്യാനം, യേശു വെളിപ്പെടുത്തിയ ദൈവീക ഛായയ്ക്ക് കടകവിരുദ്ധമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
യേശുവിന്‍റെ ഐഹികജീവിതത്തില്‍ പീഡകളും പ്രലോഭനവും നിഗൂഢമാംവിധം സന്നിഹിതമായിരുന്നു. ഈ അനുഭവം അവിടത്തെ എല്ലാത്തരത്തിലും നമ്മുടെ സഹോദരനാക്കി മാറ്റുന്നു. മരുഭൂമിയിലും ഗത്സേമന്‍ തോട്ടത്തിലും യേശു, ദൈവഹിതം വെടിയാനുള്ള എല്ലാം പ്രലോഭനങ്ങളെയും മറികടക്കുന്നു. എന്നാല്‍ നമുക്കറിയാം ഭീതിയാലുള്ള മരവിപ്പിനാല്‍ തളര്‍ന്നുപോയ ശിഷ്യര്‍ ഉറങ്ങുകയായിരുന്നുവെന്ന്.
സഹനങ്ങളുടെ വേളയില്‍ തന്നെ ഉപേക്ഷിക്കരുതെന്ന് ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അവന്‍ ഉറങ്ങുന്നു. എന്നാല്‍ ദൈവമാകട്ടെ, മനുഷ്യന്‍ പരീക്ഷണവിധേയനാകുമ്പോള്‍ ഉണര്‍ന്നിരിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശവും ക്ലേശകരവും ആശങ്കാജനകവുമായ വേളകളില്‍ ദൈവം നമ്മൊടൊപ്പം ഉണര്‍ന്നിരിക്കുകയും നമ്മോടൊന്നു ചേര്‍ന്ന് പോരാടുകയും ചെയ്യുന്നു. അവിടന്ന് എപ്പോഴും നമ്മുടെ ചാരെയുണ്ട്.
സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ആരംഭിക്കുന്നത് “പിതാവേ” എന്ന സംബോധനയോടെയാണ് എന്നത് നാം മറക്കരുത്. മക്കള്‍ക്ക് കെണികള്‍ ഒരുക്കാത്ത ഒരു പിതാവാണ് അത്. അസൂയാലുവും മനുഷ്യനോടു മത്സരിക്കുന്നവനും അവനെ പരീക്ഷിച്ച് രസിക്കുന്നവനുമല്ല ക്രിസ്ത്യാനിയുടെ ദൈവം. വിജാതിയരുടെ നിരവധി ദൈവങ്ങളാകട്ടെ ഈ സ്വഭാവമുള്ളവയാണ്. “പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നതെന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല, അവിടന്ന് ആരെയും പരീക്ഷിക്കുന്നുമില്ല. (യാക്കോബ് 1:13) എന്നാണ് യാക്കോബ് തന്‍റെ ലേഖനത്തില്‍ പറയുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.