News - 2024
സിറിയയുടെ കണ്ണീരൊപ്പാന്‍ ശ്രമകരമായ ദൗത്യവുമായി പുതിയ ഡമാസ്‌കസ് മെത്രാപ്പോലീത്ത
സ്വന്തം ലേഖകന്‍ 25-07-2019 - Thursday
ബെയ്റൂട്ട്: സിറിയയില്‍ നടന്നുവരുന്ന യുദ്ധങ്ങളില്‍ തളര്‍ന്ന തന്റെ അജഗണത്തിന് പ്രതീക്ഷയും സാന്ത്വനവുമേകി ഡമാസ്കസിലെ പുതിയ സിറിയന്‍ കത്തോലിക്ക മെത്രാപ്പോലീത്തയായ ജോണ്‍ ജിഹാദ് ഭട്ടാ. വേദനകളിലൂടെ കടന്നുപോകുന്ന സിറിയയിലെ ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷ നല്‍കുകയും, അവരെ സഹായിക്കുകയുമാണ് തന്റെ പുതിയ അജപാലക ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തന്റെ സ്ഥാനാരോഹണത്തിനു മുന്നോടിയായി കത്തോലിക്ക ന്യൂസ് സര്‍വ്വീസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രമകരമായ തന്റെ അജപാലക പദ്ധതിയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ജൂലൈ 28-നാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം.
“ഞാനാകട്ടെ നിങ്ങളുടെയിടയില്‍ പരിചരിക്കുന്നവനേപ്പോലെയാണ്” എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിരണ്ടാം അധ്യായം ഇരുപത്തിയേഴാം വാക്യമാണ് മെത്രാപ്പോലീത്തയുടെ ആപ്തവാക്യം. ഇറ്റലി, ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളിലെ തന്റെ ദൗത്യങ്ങളിലെല്ലാം സഭ പറയുന്നതനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും, പുതിയ ദൗത്യവുമായി സിറിയയിലേക്ക് പോകുന്നതില്‍ സന്തോഷമുണ്ടെന്നും അറുപത്തിമൂന്നുകാരനായ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തെത്തുടര്‍ന്ന്‍ ആലപ്പോക്കു സമാനമായ ക്രൈസ്തവ കൂട്ടപ്പലായനം ഡമാസ്കസില്‍ ഉണ്ടായില്ലെങ്കിലും യുദ്ധത്തിനു മുന്‍പ് ഇരുന്നൂറോളം കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ട്. അവശ്യ മരുന്നുകള്‍ പോലും ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും, അതിനാല്‍ സിറിയയക്കെതിരായ ഉപരോധങ്ങള്‍ നീക്കുന്നതിന് വേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. എല്ലാമതവിഭാഗങ്ങളേയും ബഹുമാനിക്കുന്ന ഒരു ഭരണകൂടമാണ് സിറിയയില്‍ ഉള്ളതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സകല മത വിഭാഗങ്ങള്‍ക്കുമിടയില്‍ പാലമായി വര്‍ത്തിക്കുന്ന ക്രൈസ്തവ വിശ്വാസത്തെ സിറിയയില്‍ നിലനിര്‍ത്തുവാന്‍ സഹായിക്കണമെന്നാണ് പാശ്ചാത്യ ലോകത്തോട് അദ്ദേഹത്തിനു പറയുവാനുള്ളത്. കഴിഞ്ഞ എട്ടു വര്‍ഷമായി ലെബനനിലെ പാട്രിയാര്‍ക്കല്‍ രൂപതയായ ബെയ്റൂട്ടിലെ മെത്രാനായി സേവനം ചെയ്തുവരികയായിരുന്നു ജോണ്‍ ജിഹാദ് ഭട്ടാ മെത്രാപ്പോലീത്ത. അതിനു മുന്‍പ് 7 വര്‍ഷങ്ങളോളം റോമിലും സേവനം ചെയ്തിട്ടുണ്ട്. പ്രതീക്ഷ നഷ്ട്ടപ്പെട്ട അജഗണത്തിന് പ്രത്യാശയേകി പുതുജീവിതം ഒരുക്കാനുള്ള ശ്രമകരമായ ദൗത്യമാണ് ആര്‍ച്ച് ബിഷപ്പ് ജോണ്‍ ജിഹാദിനു മുന്നോട്ടുള്ളത്.