News
അകകണ്ണില്‍ പ്രഥമ ബലിയര്‍പ്പിച്ച് പോര്‍ച്ചുഗല്ലിലെ ആദ്യ അന്ധ വൈദികന്‍
സ്വന്തം ലേഖകന്‍ 30-07-2019 - Tuesday
ഫാത്തിമ: പൗരോഹിത്യത്തോടു അടങ്ങാത്ത ആഗ്രഹം സൂക്ഷിച്ചിരിന്ന ബ്രസീലിയന്‍ സ്വദേശിയായ അന്ധ യുവാവ് ഒടുവില്‍ തിരുപ്പട്ടം സ്വീകരിച്ചു. കണ്‍ജെനീറ്റല്‍ ഗ്ലോക്കോമ എന്ന അസുഖത്തെ തുടര്‍ന്നു പതിനാറാം വയസ്സിൽ കാഴ്ചശക്തി നഷ്ടപ്പെട്ട തിയാഗോ വരാണ്ട എന്ന ഡീക്കനാണ് ഇക്കഴിഞ്ഞ ജൂലൈ 15നു പോർച്ചുഗലിലെ ആദ്യ അന്ധ വൈദികൻ എന്ന ഖ്യാതിയോടെ വൈദിക പട്ടം സ്വീകരിച്ചത്. ബ്രാഗയിലുള്ള മാതാവിന്റെ തീർത്ഥാടന ദേവാലയത്തിലായിരുന്നു പൗരോഹിത്യ സ്വീകരണ ചടങ്ങ് നടന്നത്.
ഇതിന് പിന്നാലെ 35 വയസ്സുകാരനായ ഫാ. തിയാഗോ വരാണ്ട, ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണ ചാപ്പലിലെത്തി വിശുദ്ധ കുർബാന അർപ്പിക്കുകയും, തന്റെ പൗരോഹിത്യം മാതാവിന് സമർപ്പിക്കുകയും ചെയ്തു.
താന്‍ കുട്ടിയായിരിക്കുമ്പോൾ തന്നെ, ഫാത്തിമ തനിക്ക് പ്രത്യേകത നിറഞ്ഞ ഒരു സ്ഥലമായിരുന്നുവെന്നും തന്റെ ജീവിതത്തിന്റെ ഈ പ്രധാന സമയത്ത്, തന്റെ പൗരോഹിത്യം മറിയത്തിന്റെ കരങ്ങളിൽ സമർപ്പിക്കുന്നുവെന്നും കാരണം പരിശുദ്ധ മറിയത്തിലൂടെ യേശുവുമായി കൂടുതലായി ഐക്യത്തിലായിരിക്കാൻ സാധിക്കുമെന്ന് തനിക്കറിയാമെന്നും ഫാ. തിയാഗോ പറഞ്ഞു.
വൈദികവൃത്തിയുടെ എഴുപത്തിനാലാം വാർഷികം ആഘോഷിക്കുന്ന മോൺസിഞ്ഞോർ ജോവാക്കിം ഫെർണാണ്ടസിനോടും മറ്റു നവ വൈദികരോടും ഒപ്പമാണ് ഫാ. തിയാഗോ വിശുദ്ധ കുർബാന അർപ്പിച്ചത്.