News - 2024
കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുന്ന ബില്ല്: കാലിഫോര്‍ണിയക്കു പിന്നാലെ വിസ്കോണ്‍സിനും
സ്വന്തം ലേഖകന്‍ 09-08-2019 - Friday
മാഡിസണ്‍, വിസ്കോണ്‍സിന്‍: കാലിഫോര്‍ണിയാക്കു പിന്നാലെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ വൈദികരെ നിര്‍ബന്ധിതരാക്കുന്ന വിസ്കോണ്‍സിന്‍ സംസ്ഥാന ബില്ലിക്കെതിരെ കത്തോലിക്ക സഭയുടെ പ്രതിഷേധം ശക്തമാകുന്നു. ലൈംഗീക പീഡനത്തിനിരയാകുന്ന കുട്ടികള്‍ക്കായുള്ള നിയമത്തിന്റെ മറവില്‍ പുരോഹിതരെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുന്ന ‘ക്ലര്‍ജി മാന്‍ഡേറ്ററി റിപ്പോര്‍ട്ടര്‍ ആക്റ്റ്’ ബില്ലിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. കുമ്പസാരത്തിലൂടെ വെളിപ്പെടുന്ന ലൈംഗീക ബാല പീഡനങ്ങള്‍ പുരോഹിതന്‍ പോലീസിനു റിപ്പോര്‍ട്ട് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ക്ലര്‍ജി മാന്‍ഡേറ്ററി റിപ്പോര്‍ട്ടര്‍ ആക്റ്റ്.
നീതിക്ക് വേണ്ടിയുള്ള ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും എന്നാല്‍ അതിന്റെ പേരില്‍ കുമ്പസാരമെന്ന കൂദാശക്ക് നേരെയുള്ള ആക്രമണം ശരിയല്ലായെന്നും വിസ്കോണ്‍സിന്‍ കത്തോലിക് കോണ്‍ഫറന്‍സിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ കിം വെര്‍കോട്ടേരന്‍ പ്രതികരിച്ചു. നേരത്തെ ഡി-മില്‍വോക്കീ സെനറ്റര്‍ ലെന ടെയ്‌ലര്‍ അവതരിപ്പിച്ച ബില്‍ ഡി-മാഡിസണ്‍ പ്രതിനിധികളായ ക്രിസ് ടെയ്‌ലര്‍, മെലിസ സാര്‍ജന്റ് എന്നിവര്‍ പിന്താങ്ങി. ഇതിനു സമാനമായൊരു ബില്‍ കാലിഫോര്‍ണിയയില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ചര്‍ച്ചക്കെടുക്കുന്നതിന് മുന്‍പ് തന്നെ ആ ബില്‍ പിന്‍വലിക്കപ്പെടുകയായിരിന്നു.