Thursday Mirror
ബൈബിൾ വചനങ്ങൾ മറഞ്ഞിരിക്കുന്ന നാല് ഉൽപ്പന്നങ്ങൾ
സ്വന്തം ലേഖകന്‍ 21-09-2023 - Thursday
ആഗോള തലത്തില്‍ ബൈബിൾ മൂല്യങ്ങൾ തങ്ങളുടെ ബിസിനസിന്റെ ഭാഗമാക്കിയ അനേകം കമ്പനികളുണ്ടെന്ന് നമ്മില്‍ പലര്‍ക്കും അറിയാം. അത് ചിക്ക്- ഫിൽ- എ മുതൽ ഹോബി ലോബി വരെ നീണ്ടു കിടക്കുന്ന വലിയൊരു നിരയാണ്. എന്നാൽ ഒരു പടി കൂടി കടന്ന് ബൈബിൾ വചനങ്ങളും ചിഹ്നങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങളിൽ പതിപ്പിക്കുന്ന കമ്പനികളുമുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. അങ്ങനെയുള്ള നാലു അമേരിക്കന്‍ കമ്പനികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. ഇൻ - എൻ- ഔട്ട് ബർഗർ: ബൈബിൾ വചനം തങ്ങളുടെ ഉൽപന്നങ്ങളിൽ പതിപ്പിച്ച ഒരു പ്രമുഖ കമ്പനിയാണ് ഇൻ- എൻ- ഔട്ട് ബർഗറാണ്. "തന്റെ ഏകജാതനെ നൽകാൻ തക്കവിധം, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" എന്ന യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം പതിനാറമത്തെ വാക്യം തങ്ങളുടെ കപ്പുകളുടെയും, കവറുകളുടെയും കീഴിൽ ഈ കമ്പനി പതിപ്പിച്ചിട്ടുണ്ട്. "എന്തെന്നാല്‍, നീതിമാന്‍ ഏഴു തവണ വീണാലും വീണ്ടും എഴുന്നേല്‍ക്കും; ദുഷ്‌ടനാകട്ടെ കാലിടറി വീഴുന്നത് പൂര്‍ണനാശത്തിലേക്കാണ്" എന്ന സുഭാഷിതങ്ങളുടെ പുസ്തകത്തിലെ വാക്യവും അവർ തങ്ങളുടെ ഉത്പന്നങ്ങളില്‍ പതിപ്പിക്കാറുണ്ടെന്നത് ശ്രദ്ധേയമാണ്.
2. ഗോൾഡൻ എക്സ്: പ്രമുഖ മുട്ട വിൽപ്പന കമ്പനിയായ ഗോൾഡൻ എക്സും വിശ്വാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. തങ്ങളുടെ ഉത്പന്നം വില്‍ക്കുന്ന ബോക്സിൽ സങ്കീർത്തനം 118: 24 വാക്യമാണ് അവര്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. അത് ഇപ്രകാരമാണ് "കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്, ഇന്നു സന്തോഷിച്ചുല്ലസിക്കാം" എന്നതാണ് ആ വചനം. ആൾഡി സൂപ്പർ സൂപ്പർമാർക്കറ്റ് ശൃംഖലയാണ് ഗോൾഡൻ എക്സ് മുട്ടകൾ വിൽക്കുന്നത്. ഇവര്‍ക്ക് മുട്ടകള്‍ നല്‍കുന്ന റോസ് ഏക്കർ ഫാമിന്റെ വെബ്സൈറ്റിലും ബൈബിൾ വചനങ്ങൾ കാണുവാൻ സാധിക്കും.
3. ഫോറെവർ 21: കൊറിയയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവര്‍ ആരംഭിച്ച കമ്പനിയാണ് ഫോറെവർ 21. അടിയുറച്ച ക്രൈസ്തവ വിശ്വാസികളായ ഡോൺ ചാങ്, ജിൻ ചാങ് തുടങ്ങിയവരാണ് റീട്ടെയിൽ വസ്ത്ര വ്യാപാരത്തെ നയിക്കുന്നത്. ഫോറെവർ 21 തങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് നൽകുന്ന കവറുകളുടെ താഴെ 'യോഹന്നാൻ 3:16' (തന്റെ ഏകജാതനെ നൽകാൻ തക്കവിധം, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു) എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.
4. കുക്ക്- ഔട്ട്: അമേരിക്കയിലെ പ്രമുഖ ബർഗർ കമ്പനിയായ കുക്ക്- ഔട്ടും തങ്ങളുടെ ബിസിനസില്‍ ക്രിസ്തുവിന് പ്രാധാന്യം നല്‍കി ബൈബിള്‍ വചനം പ്രഘോഷിക്കാറുണ്ട്. കമ്പനിയുടെ കപ്പുകളിലും, മറ്റ് ഉൽപ്പന്നങ്ങളിലും ബൈബിൾ വചനങ്ങൾ കാണാം. അവരുടെ മിക്ക കടകളിലും ക്രൈസ്തവ ഗാനങ്ങളാണ് മുഴങ്ങുന്നത്. "അസാധാരണമായ ക്രൈസ്തവ അന്തരീക്ഷം" ഇവിടങ്ങളിൽ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് ഒരു മാധ്യമം കുക്ക്- ഔട്ടിനെ അടുത്ത നാളുകളില്‍ വിശേഷിപ്പിച്ചത്.
ക്രിസ്തു വചനം വഴികാട്ടിയായി തങ്ങളുടെ ബിസിനസിന്നെയും വരുമാന മാര്‍ഗ്ഗങ്ങളെയും യേശുവിന് സമര്‍പ്പിച്ച അനേകം കമ്പനികളുണ്ട്. അവരുടെ എണ്ണം അനന്തമാണ്. അതില്‍ കേവലം നാലെണ്ണത്തിനെ മാത്രമാണ് ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളൂ. ഇനിയും എത്രയോ കമ്പനികള്‍. ദൈവം നല്‍കുന്ന വരുമാന മാര്‍ഗ്ഗത്തില്‍ അവിടുത്തെ പ്രഘോഷിക്കാന്‍ നാം മനസ്സ് കാണിക്കാറുണ്ടോയെന്ന ചോദ്യമാണ് ഈ കമ്പനികള്‍ ഓരോന്നും നമ്മോടു വ്യക്തിപരമായി ചോദിക്കുന്നത്.
< Originally Published On 28th August 2019 >
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക