News - 2024

കശ്മീര്‍ പ്രശ്നത്തില്‍ മാര്‍പാപ്പയുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് പാക്കിസ്ഥാന്‍ മന്ത്രി

സ്വന്തം ലേഖകന്‍ 09-09-2019 - Monday

ഇസ്ലാമാബാദ്: കാശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനീക നടപടികള്‍ക്കും, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആശയവിനിമയോപാധികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനുമെതിരെ പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് പാക്കിസ്ഥാന്‍. മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന്‍ മസാരിയാണ് മാര്‍പാപ്പ വിഷയത്തില്‍ ഇടപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റൊഫെ സാഖിയ എല്‍-കാസിസുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് ഷിരീന്‍ ഈ അഭ്യര്‍ത്ഥന മുന്നോട്ട് വെച്ചത്. ഇന്ത്യന്‍ അധിനിവേശ കാശ്മീരില്‍ നടക്കുന്ന അവകാശ ധ്വംസനങ്ങളിലേക്ക് വത്തിക്കാന്‍ പ്രതിനിധിയുടെ ശ്രദ്ധയെ ക്ഷണിച്ചുവെന്ന്‍ കൂടിക്കാഴ്ചക്ക് ശേഷം ഷിരീന്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും, അവര്‍ക്ക് വേണ്ട പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷിരീന്റെ ട്വീറ്റില്‍ പറയുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ വഴി പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളെക്കുറിച്ച് പാപ്പ എപ്പോഴും ചോദിക്കാറുള്ള കാര്യവും മെത്രാപ്പോലീത്ത അതന്നെ അറിയിച്ചുവെന്നും ട്വീറ്റില്‍ ഓര്‍മ്മപ്പെടുത്തുന്നു. ഓഗസ്റ്റ് 5ന് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് പ്രശ്നം രൂക്ഷമായത്. പ്രധാന രാഷ്ട്രീയ നേതാക്കളെയെല്ലാം കരുതല്‍ തടങ്കലിലാക്കിയതും ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയവക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തതും അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിന്നു.


Related Articles »