News - 2024
ക്രൈസ്തവ ദേവാലയങ്ങൾ മുസ്ലിം മോസ്ക്കാക്കി മാറ്റുന്നു; അസർബൈജാന്‍ നടപടിയെ വിമർശിച്ച് അർമേനിയൻ വൈദികൻ
പ്രവാചകശബ്ദം 17-01-2024 - Wednesday
യെരെവാൻ: ക്രൈസ്തവ ദേവാലയങ്ങൾ മുസ്ലിം പള്ളികളാക്കി മാറ്റുന്ന അസർബൈജാന്റെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അർമേനിയൻ വൈദികന്‍. അസർബൈജാൻ സർക്കാർ കൈവശപ്പെടുത്തി അർമേനിയൻ ക്രൈസ്തവർക്ക് പലായനം ചെയ്യേണ്ടി വന്ന നാഗോർണോ- കാരബാക്ക് വിഷയത്തെ പരാമര്‍ശിച്ചായിരിന്നു ഫാ. തിരേർ ഹക്കോബിയാൻ എന്ന വൈദികന്റെ പ്രതികരണം. അസർബൈജാൻ ക്രൈസ്തവ ദേവാലയങ്ങളെ മോസ്‌ക്കുകളാക്കി മാറ്റുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്‌ക്രിയ നിലപാടിന് മുന്‍പില്‍ ചരിത്രം പുനർനിർവചിക്കാൻ മേഖലയിലെ അർമേനിയൻ അടയാളങ്ങൾ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1988 മുതൽ രാജ്യങ്ങളും ഈ പ്രദേശത്തിന് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിൽ ആയിരുന്നു. ഒരു സമയത്ത് ഇവിടെ വസിച്ചിരുന്ന ഭൂരിപക്ഷം ആളുകളും അർമേനിയക്കാരായിരുന്നു. ഇവിടുത്തെ അർമേനിയക്കാർ 'റിപ്പബ്ലിക് ഓഫ് ആർട്ട്സാഖ്' എന്ന പേരിലാണ് ഈ പ്രദേശത്തെ വിളിക്കുന്നത്. ദീർഘ നാളായി നീണ്ടുനിന്ന പ്രശ്നം 2023 സെപ്റ്റംബർ മാസമാണ് അതിന്റെ ഉച്ചസ്ഥായിലെത്തിയത്. പുറത്തുനിന്നുള്ള മരുന്നുകളും, ഭക്ഷണസാധനങ്ങളും, വിലക്കി അസർബൈജാൻ സൈന്യത്തെ വിന്യസിച്ചതിനു ശേഷം പതിനായിരകണക്കിന് ക്രൈസ്തവര്‍ പലായനം ചെയ്യുകയായിരിന്നു. അഭയം തേടി ഏകദേശം ഒരു ലക്ഷത്തോളം ആളുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ അർമേനിയൻ അതിർത്തിയിലേക്ക് എത്തിയത്.
ഈ സംഘർഷം വിസ്മരിക്കപ്പെട്ടുവെന്ന് ആർച്ച്മാൻഡ്രൈറ്റ് ഓഫ് ദ അർമേനിയൻ അപ്പസ്തോലിക് ചർച്ച് ഇൻ വെസ്റ്റേൺ യൂറോപ്പ് പദവി വഹിക്കുന്ന തിരേർ ഹക്കോബിയാൻ പറഞ്ഞു. അർമേനിയക്കാരെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കുക എന്നത് മാത്രമാണ് അസർബൈജാന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാഗോർണോ - കാരബാക്കിൽ അർമേനിക്കാര്‍ ആരും ഇനി ബാക്കിയില്ലെന്നും, അത് ശൂന്യമാണെന്നും വൈദികൻ പറഞ്ഞു. അസർബൈജാൻ തകർത്ത ദേവാലയങ്ങളിൽ അഞ്ചാം നൂറ്റാണ്ടിലും, ആറാം നൂറ്റാണ്ടിലും പണികഴിപ്പിക്കപ്പെട്ട അർമേനിയൻ ദേവാലയങ്ങൾ ഉണ്ടെന്ന് ഹക്കോബിയാൻ വെളിപ്പെടുത്തി. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കാൻവേണ്ടി അസർബൈജാൻ പണം നൽകുന്നുണ്ടെന്നും, ഈ കള്ളത്തെ എതിർക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.