News
ഇത് സമര്‍പ്പിതരുടെ ശബ്ദം: വന്‍ വിജയമായി അല്‍മായ സന്യസ്ത സംഗമം
സ്വന്തം ലേഖകന്‍ 16-09-2019 - Monday
മാനന്തവാടി: ക്രൈസ്തവ സന്യാസത്തിനെതിരെ നടത്തുന്ന വ്യാജാരോപണങ്ങളെ തിരുത്തുക, സംഘടിതമായ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അല്‍മായ സന്ന്യസ്ത മഹാസംഗമം വന്‍ വിജയമായി. മാനന്തവാടി ദ്വാരക സീയോനില്‍ നടന്ന പരിപാടിയില്‍ രണ്ടായിരത്തിഎണ്ണൂറോളം ആളുകളാണ് പങ്കുചേര്‍ന്നത്. ഏതുതരത്തിലുള്ള ബാഹ്യ ആക്രമണങ്ങളെയും പ്രതിരോധിക്കാനുള്ള ആത്മീയവും ധാര്‍മ്മികവുമായ ശക്തി തങ്ങള്‍ക്കുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ച സംഗമത്തില്‍ എല്ലാ സന്യാസ സമൂഹങ്ങളില്‍ നിന്നുമുള്ളവരും ഇടവകകളില്‍ നിന്നുള്ള അത്മായപ്രതിനിധികളുംപങ്കുചേരാന്‍ എത്തിയെന്നത് ശ്രദ്ധേയമായി.
സിസ്റ്റര്‍ റോണ സി.എം.സി. നടത്തിയ പ്രാര്‍ത്ഥനാശുശ്രൂഷയോടെയാണ് സമ്മേളനം ആരംഭിച്ചത്. സി. ആന്‍സിറ്റ എസ്.സി.വി. സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സി. ഡെല്‍ഫി സി.എം.സി., സി. ക്രിസ്റ്റീന എസ്.സി.വി, സി. റോസ് ഫ്രാന്‍സി എഫ്.സി.സി., സി. ഷാര്‍ലറ്റ് എസ്.കെ.ഡി., സി. ലിന്‍റ എസ്.എ.ബി.എസ്, എന്നിവര്‍ സന്ന്യാസജീവിതത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ദീപിക ബാലജനസഖ്യം സംസ്ഥാന ഡയറക്ടറും കേരള സ്പെഷ്യല്‍ ഒളിംപിക്സ് ഡയറക്ടറുമായ റവ. ഫാ. റോയ് കണ്ണംചിറ സി.എം.ഐ. മുഖ്യപ്രഭാഷണം നടത്തി.
തുടര്‍ന്ന് ശ്രീമതി റോസക്കുട്ടി ടീച്ചര്‍, റവ. ഫാ. ജോസ് കൊച്ചറക്കല്‍, ശ്രീമതി ഗ്രേസി ചിറ്റിനപ്പള്ളി, ശ്രീ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, കുമാരി അലീന ജോയി, ശ്രീ ഷാജി ചന്ദനപ്പറമ്പില്‍ എന്നിവര്‍ അത്മായ-വൈദിക പക്ഷത്തു നിന്ന് പ്രതികരണങ്ങള്‍ നടത്തി. സന്യസ്ഥ ജീവിതത്തെ സംബന്ധിച്ചു എല്ലാ കുടുംബങ്ങളിലേക്കും വേണ്ടി തയ്യാറാക്കിയ സമര്‍പ്പിതശബ്ദം എന്ന പത്രം പരിപാടിയില്‍ പ്രകാശനം ചെയ്തു. ഇതിന്‍റെ ആദ്യപ്രതി വിശ്വാസസംരക്ഷണവേദിയുടെ പ്രവര്‍ത്തന അംഗങ്ങളാണ് ഏറ്റുവാങ്ങിയത്.
സമര്‍പ്പിതര്‍ നേരിടുന്ന വിവിധ പ്രതിസന്ധികളെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കും മറ്റ് നിയമ സംവിധാനങ്ങള്‍ക്കും എല്ലാ സന്ന്യസ്തരുടെയും ഒപ്പോടു കൂടി സമര്‍പ്പിക്കാനിരിക്കുന്ന പരാതി പ്രമേയ രൂപത്തില്‍ സിസ്റ്റര്‍ മരിയ വിജി എ.സി. അവതരിപ്പിച്ചു. തുടര്‍ന്നു ദിവ്യകാരുണ്യ ആരാധന നടന്നു. തിന്മയുടെ ശക്തികള്‍ക്കു മുമ്പിലും ദുരാരോപണങ്ങള്‍ക്ക് മുമ്പിലും ആത്മവീര്യം നഷ്ടപ്പെട്ടവരാകാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ദിവ്യകാരുണ്യ ആരാധനയില്‍ സമര്‍പ്പിതസമൂഹം കത്തിച്ച തിരികള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രതിജ്ഞ ചെയ്തു. സി. ആന്‍മേരി ആര്യപ്പള്ളില്‍ നന്ദി പ്രകാശിപ്പിച്ചു. സന്യസ്ത സംഗമത്തിന് അഭിവാന്ദ്യങ്ങള്‍ അര്‍പ്പിച്ച് യുവജന പ്രസ്ഥാനമായ കെസിവൈഎം, വിശ്വാസ സംരക്ഷണ സമിതി അംഗങ്ങള്‍ ദ്വാരകയില്‍ എത്തിയിരിന്നു.