Faith And Reason - 2024
ലുമെൻ ടിവി: സാംബിയയില്‍ സുവിശേഷപ്രഘോഷണത്തിനു പുതിയ ചുവടുവെയ്പ്പ്
സ്വന്തം ലേഖകന്‍ 19-09-2019 - Thursday
ലുസാക്ക: സാംബിയയില്‍ യേശുവിന്റെ സുവിശേഷം എല്ലാ കോണിലും എത്തിക്കുന്നതിനായി കത്തോലിക്ക ടെലിവിഷൻ ചാനൽ ആരംഭിച്ച് സാംബിയൻ മെത്രാൻ സമിതി. 'ലുമെൻ ടിവി സാംബിയ' എന്ന പേരിലാണ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്. മോൻസ് രൂപത മെത്രാനും സാംബിയൻ കത്തോലിക്ക മെത്രാൻ സമിതിയുടെ കമ്മ്യൂണിക്കേഷൻസ് വിഭാഗം അധ്യക്ഷനുമായ ബിഷപ്പ് മോസസ് ഹാമുൻഗോലെയാണ് ചാനൽ സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. തിരുസഭയുടെ അംഗങ്ങൾ എന്ന നിലയിൽ രാജ്യം മുഴുവൻ സുവിശേഷം പ്രഘോഷിക്കപ്പെടാൻ പരിശ്രമിക്കണമെന്നും അതിന്റെ ഒരു ചുവടുവെയ്‌പാണ് ലുമെൻ ടിവി സാംബിയയെന്നും ബിഷപ്പ് ഹാമുൻഗോലെ പറഞ്ഞു.
മനുഷ്യ മഹത്വത്തെ പ്രോത്സാഹിപ്പിക്കുവാൻ സാംബിയ കത്തോലിക്ക മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ദൃശ്യമാധ്യമം സുവിശേഷവത്കരണത്തിനും സാംബിയൻ സമൂഹത്തിന്റെ പുരോഗതിയ്ക്കു കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ വാര്‍ത്തകള്‍ സത്യസന്ധമായി എത്തിക്കുന്നതിനും ആഗോള തലത്തില്‍ നടക്കുന്ന കാര്യങ്ങൾ അറിയാനും ടെലിവിഷൻ ചാനൽ ഉപകരിക്കുമെന്ന് ജോൺ ചോള എന്ന അല്‍മായന്‍ അഭിപ്രായപ്പെട്ടു. ലുസാക്ക നഗരത്തിൽ ആരംഭിച്ച ലുമെൻ ടിവി സാംബിയയുടെ പ്രക്ഷേപണം ഉടൻ തന്നെ രാജ്യം മുഴുവൻ വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കത്തോലിക്ക പത്രപ്രവർത്തകർ തങ്ങളുടെ ലക്ഷ്യവും ദൗത്യവും വളരെ കൃത്യനിഷ്ഠമായി നിർവഹിക്കുവാൻ വിളിക്കപെട്ടവരാണെന്നു കത്തോലിക്ക മീഡിയ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വിന്‍ഫീല്‍ഡ് ലുമെൻ ടി. വി സാംബിയ റിപ്പോർട്ടേഴ്‌സിന് നേരത്തെ നടത്തിയ വര്‍ക്ക്ഷോപ്പില്‍ വ്യക്തമാക്കിയിരിന്നു. ക്രിസ്തുവിന്റെ വചനവും ദേശീയ അന്തര്‍ദേശീയ വാര്‍ത്തകളുമായി എത്തുന്ന ലുമെൻ ടി. വിയുടെ പൂര്‍ണ്ണ സംപ്രേക്ഷണത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യത്തെ ക്രൈസ്തവര്‍. രാജ്യത്തെ ആകെ ജനസംഖ്യയുടെ 19.2% ആളുകളാണ് കത്തോലിക്ക വിശ്വാസത്തെ പിഞ്ചെല്ലുന്നത്.