News - 2025

ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം പ്രാർത്ഥിച്ച പ്രോലൈഫ് ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പോലീസ്

പ്രവാചകശബ്ദം 22-12-2022 - Thursday

ബിർമിംഗ്ഹാം (ബ്രിട്ടന്‍): ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം നിന്ന് പ്രാർത്ഥിച്ചുവെന്ന കുറ്റം ആരോപിച്ച് പ്രോലൈഫ് ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പോലീസ്. ബിർമിംഗ്ഹാമിലെ ബി പി എ എസ് റോബർട്ട് ക്ലിനിക്കിനു സമീപത്തു നിന്നാണ് ഇസബൽ വോഗൻ സ്പ്രൂസ് എന്ന പ്രോലൈഫ് ആക്ടിവിസ്റ്റിനെ കസ്റ്റഡിയിലെടുത്തത്. ക്ലിനിക്കിലേക്ക് എത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കുന്നത് തടയുന്നതിനു വേണ്ടി ബഫർ സോണുകൾ പ്രാബല്യത്തിൽ കൊണ്ടുവരുന്ന ഉത്തരവ് അടുത്തിടെ ബിർമിംഗ്ഹാം നഗരസഭ പാസാക്കിയിരുന്നു. ഇത് പ്രകാരം, ബഫർ സോണുകളുടെ പരിധിയില്‍ നിന്ന് പ്രാർത്ഥിക്കുന്നതും, നോട്ടീസുകൾ വിതരണം ചെയ്യുന്നതും, പ്ലക്കാർഡുകൾ പിടിക്കുന്നതും സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് കാണുന്നത്.

അറസ്റ്റ് രേഖപ്പെടുത്തിയ വിവരം വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യത്തിൽ ഇറങ്ങിയിരിക്കുന്ന ഇസബൽ അടുത്തവർഷം ഫെബ്രുവരി രണ്ടാം തീയതി ബിർമിങ്ഹാമിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണം. ബഫർ സോൺ നിയമം മറ്റു ചില നഗരസഭകളും അടുത്തിടെ പാസാക്കിയിരുന്നു. ഇംഗ്ലണ്ടിനെ കൂടാതെ, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലണ്ട് എന്നീ രാജ്യങ്ങളും ബഫർ സോൺ നിയമങ്ങൾ രാജ്യ വ്യാപകമായി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

ഈ ശ്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാണ്. മതസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ അലയൻസ് ഡിഫൻഡിങ് ഫ്രീഡം വിഷയത്തില്‍ നിയമ പോരാട്ടം നടത്തുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സമാധാനപരമായി ഉപയോഗിക്കാൻ സംരക്ഷണം നൽകുന്ന യഥാർത്ഥ ജനാധിപത്യ രാജ്യമാണോ തങ്ങൾ എന്ന് സ്വയം വിലയിരുത്തണമെന്നു സംഘടനയുടെ പ്രതിനിധി ജർമനിയ ഇഗ്നുബോൽ പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ലിവര്‍പൂളില്‍ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു സമീപത്ത് നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ അറസ്റ്റിലായ റോസ ലാലോര്‍ എന്ന എഴുപത്തിയാറുകാരി നടത്തിയ നിയമപോരാട്ടം ഒടുവില്‍ വിജയം കണ്ടിരിന്നു.


Related Articles »