Faith And Reason - 2024
ചൈനയില്‍ വിവാദം: 10 കല്‍പ്പനകള്‍ക്ക് പകരം പ്രസിഡന്റിന്റെ വാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്
സ്വന്തം ലേഖകന്‍ 24-09-2019 - Tuesday
ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ പത്തു കല്‍പ്പനകള്‍ക്ക് പകരം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സോഷ്യലിസം പ്രചരിപ്പിക്കുന്ന വാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് വിവാദമാകുന്നു. ചൈനയിലെ മതപീഡനം വിവിധ തരത്തില്‍ ശക്തമായി തന്നെ തുടരുകയാണെന്ന സത്യം സ്ഥിരീകരിച്ചുകൊണ്ടാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
മതസ്വാതന്ത്ര്യ ലംഘനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന 'ബിറ്റര്‍ വിന്റര്‍' എന്ന മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. "ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്" എന്ന പ്രഥമ കല്‍പ്പനയോട് ചൈനീസ് പ്രസിഡന്റിനുള്ള വിയോജിപ്പാണ് ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത പ്രൊട്ടസ്റ്റന്റ് സഭകളിലൊന്നായ ത്രീ-സെല്‍ഫ് പാട്രിയോട്ടിക് മൂവ്മെന്റിന്റെ കീഴിലുള്ള ദേവാലയങ്ങള്‍ക്ക് ലഭിച്ച ഉത്തരവിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ദേവാലയങ്ങളില്‍ നിന്നും പത്തു കല്‍പ്പനകള്‍ മുഴുവനായോ, ഏതെങ്കിലുമൊന്നോ നീക്കം ചെയ്യുവാന്‍ വിസമ്മതിച്ചവരെ തടവിലാക്കിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണില്‍ ലുവോയാങ്ങ് നഗരത്തിലെ ത്രീ സെല്‍ഫ് ചര്‍ച്ച് ദേവാലയത്തിലെത്തിയ യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍, എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടിയെ അനുസരിക്കണമെന്നും, പാര്‍ട്ടി ആവശ്യപ്പെടുന്നതെല്ലാം ചെയ്യണമെന്നും, അല്ലാത്തപക്ഷം ദേവാലയം അടച്ചുപൂട്ടുമെന്നും ഭീഷണിപ്പെടുത്തുകയുണ്ടായി. അധികൃതരുടെ സമ്മര്‍ദ്ധം ശക്തമായപ്പോള്‍ പത്തു കല്‍പ്പനകള്‍ നീക്കുകയല്ലാതെ ദേവാലയത്തിന് വേറെ മാര്‍ഗ്ഗമില്ലാത്ത സ്ഥിതി സംജാതമായിരിക്കുകയാണ്.
ചൈനയിലെ വിവിധ മതങ്ങളെ നിരോധിക്കുവാനും, മതചിന്തകള്‍ക്കും, സിദ്ധാന്തങ്ങള്‍ക്കും, പ്രബോധനങ്ങള്‍ക്കും കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി സഹായിക്കുവാനും, പാശ്ചാത്യ ആശയങ്ങളുടെ സ്വാധീനത്തേയും ചെറുക്കുവാന്‍ അടിസ്ഥാന സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്കും, ചൈനീസ് സംസ്കാരത്തിനും കഴിയും’ എന്നാണ് പത്തു കല്‍പ്പനക്ക് പകരം നഗരത്തിലെ ത്രീ സെല്‍ഫ് ചര്‍ച്ച് ദേവാലയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
2015-ലെ സെന്‍ട്രല്‍ യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് യോഗത്തില്‍ സി ജിന്‍പിങ്ങ് നടത്തിയ പ്രസംഗത്തില്‍ നിന്നും എടുത്തിരിക്കുന്നതാണ് ഈ വാക്യം. കുരിശുകള്‍ തകര്‍ത്തതും, ദേവാലയങ്ങളില്‍ ദേശീയ പതാകയും, സോഷ്യലിസ്റ്റ് മൂല്യങ്ങളും പ്രദര്‍ശിപ്പിക്കുവാനുള്ള ഉത്തരവും, സിസിടിവി കാമറകള്‍ വഴി ആരാധാനാലയങ്ങളിലെ നിരീക്ഷണവും, ഇപ്പോഴത്തെ ഈ ഉത്തരവും ചൈനീസ് സര്‍ക്കാര്‍ പതിയെ പതിയെ സ്വയം ദൈവമായി മാറുവാന്‍ ശ്രമിക്കുകയാണെന്നാണ് പൊതുവില്‍ നിരീക്ഷിക്കുന്നത്.