News - 2024

അമുസ്ലീങ്ങളെ പ്രധാനമന്ത്രി പ്രസിഡന്റ് പദവികളിലേക്ക് ശുപാര്‍ശ ചെയ്യുന്ന ബില്‍ പാക്കിസ്ഥാന്‍ തള്ളി

സ്വന്തം ലേഖകന്‍ 04-10-2019 - Friday

ഇസ്ലാമാബാദ്: മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനില്‍ മുസ്ലീങ്ങളല്ലാത്തവരേയും പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളിലേക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഭരണഘടന ഭേദഗതി അനുശാസിക്കുന്ന ബില്‍ പാര്‍ലമെന്റ് പിന്തള്ളി. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. പാക്കിസ്ഥാനില്‍ നിലവിലുള്ള നിയമമനുസരിച്ച് ക്രൈസ്തവരും ഹൈന്ദവരും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ പ്രധാനമന്ത്രിയോ, പ്രസിഡന്റോ ആവാനുള്ള അവകാശമില്ല. വര്‍ഗ്ഗീയമായ ഈ നിലപാട് തിരുത്തിയെഴുതുവാന്‍ ക്രിസ്ത്യന്‍ നിയമസാമാജികനും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയംഗവുമായ നവീദ് ആമിര്‍ ജീവ അവതരിപ്പിച്ച ബില്ലാണ് തള്ളിയത്.

മതന്യൂനപക്ഷങ്ങളെ രാജ്യത്തെ പ്രധാന പദവികള്‍ വഹിക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ടുള്ള പാക്കിസ്ഥാന്‍ ഭരണഘടനയിലെ 41, 91 ആര്‍ട്ടിക്കിളുകള്‍ ഭേദഗതി ചെയ്ത് മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ പ്രധാനമന്ത്രിയോ, പ്രസിഡന്റോ ആവാന്‍ അവസരം നല്‍കണമെന്നു അനുശാസിക്കുന്ന ബില്‍ മുഖവിലക്കെടുക്കാതെ പിന്തള്ളപ്പെട്ടത്. പാക്കിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 91 അനുസരിച്ച് നാഷ്ണല്‍ അസംബ്ലിയില്‍ അംഗമായിട്ടുള്ള മുസ്ലീം മതവിശ്വാസികളെ മാത്രമേ രാജ്യത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുവാന്‍ കഴിയുകയുള്ളു. അമുസ്ലിമായ ഒരാള്‍ക്ക് പാക്കിസ്ഥാന്‍ പ്രസിഡന്റായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ കഴിയില്ലെന്ന് ആര്‍ട്ടിക്കിള്‍ 41-ല്‍ പറയുന്നു. മതന്യൂനപക്ഷളോട് തന്റെ സര്‍ക്കാരിന് യാതൊരു വിവേചനവുമില്ല എന്നാവര്‍ത്തിച്ചു പറയുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരമാണ് നാഷണല്‍ അസംബ്ലിയുടെ ഈ നടപടിയിലൂടെ പുറത്തായത്.


Related Articles »