News - 2024

ആള്‍ക്കൂട്ടക്കൊലയെ ന്യായീകരിക്കുവാന്‍ ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ആര്‍എസ്എസ് തലവന്‍

സ്വന്തം ലേഖകന്‍ 11-10-2019 - Friday

നാഗ്പൂര്‍: ആഗോളതലത്തില്‍ ഇന്ത്യയെ നാണംകെടുത്തിയ ആള്‍ക്കൂട്ടക്കൊലകളെ ന്യായീകരിക്കുവാന്‍ ബൈബിള്‍ വാക്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒക്ടോബര്‍ 8-ന് ദസ്സറ ആഘോഷങ്ങളുടെ ഭാഗമായി നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗമാണ് ഭാഗവതിനെ കുരുക്കിലാക്കിയത്. ആള്‍ക്കൂട്ടക്കൊലകള്‍ ഇന്ത്യന്‍ ആശയമല്ല, പാശ്ചാത്യ ആശയമാണെന്ന്‍ വരുത്തിത്തീര്‍ക്കുവാന്‍ പാപിനിയായ സ്ത്രീയെ കല്ലെറിയുവാന്‍ ആള്‍ക്കൂട്ടം ശ്രമിച്ചതും, യേശു അവരെ തടയുന്നതുമായ സുവിശേഷ ഭാഗം ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗവതിന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം കനക്കുന്നത്. മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ അപലപിച്ച് നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (എന്‍.സി.സി.ഐ) രംഗത്ത് വന്നിട്ടുണ്ട്.

ഇത്തരം പ്രസ്താവനകള്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കുന്നതാണെന്ന് എന്‍.സി.സി.ഐ ഇന്നലെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ബൈബിള്‍ സംഭവത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള സന്ദേശം ജനങ്ങളില്‍ സംശയത്തിന് കാരണമാകും. ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുകയുമാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. ഇത്തരം ദുര്‍വ്യാഖ്യാനങ്ങളില്‍ വിശ്വസിക്കരുത്, ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും എന്‍.സി.സി.ഐ യുടെ പ്രസ്താവനയിലുണ്ട്. അക്കാലഘട്ടത്തിലെ പുരുഷാധിപത്യത്തിനും, കപട സദാചാരത്തിനും ഇരയായ സ്ത്രീക്കൊപ്പം യേശു നിലകൊണ്ടതിനെയുയാണ് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടിയ സംഭവം സൂചിപ്പിക്കുന്നതെന്നും എന്‍.സി.സി.ഐ വ്യക്തമാക്കി.

ഭാഗവത് പറയുന്നതിന് വിരുദ്ധമായി ആള്‍ക്കൂട്ട അതിക്രമത്തില്‍ നിന്നും ഒരു സ്ത്രീയെ യേശു രക്ഷിക്കുകയാണ് ചെയ്യുന്നത്. മതന്യൂനപക്ഷങ്ങളും, ദളിതരും, ആദിവാസികളും, ദരിദ്രരും, സ്ത്രീകളുമായ ദുര്‍ബ്ബലവിഭാഗമാണ് ഇന്ത്യയിലെ ആള്‍ക്കൂട്ടക്കൊലകളുടെ ഇരകള്‍. അതിനാല്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകളെ അപലപിക്കുവാനും, സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുവാനും സര്‍ക്കാരും, രാഷ്ട്രീയ പാര്‍ട്ടികളും ഒന്നടങ്കം രംഗത്ത് വരണമെന്നും നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ ആവശ്യപ്പെട്ടു.

More Archives >>

Page 1 of 496