Youth Zone - 2024

സ്കൂളുകളില്‍ ബൈബിള്‍ കോഴ്സ് നിര്‍ബന്ധമാക്കുന്ന പുതിയ ബില്‍ ഫ്ലോറിഡ നിയമനിര്‍മ്മാണ സഭയില്‍

സ്വന്തം ലേഖകന്‍ 17-10-2019 - Thursday

ഫോര്‍ട്ട്‌മയേഴ്സ്: ബൈബിള്‍ പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്ന പുതിയ ബില്‍ അമേരിക്കയിലെ ഫ്ലോറിഡ നിയമനിര്‍മ്മാണ സഭയില്‍ അവതരിപ്പിച്ചു. ഫ്ലോറിഡയിലെ പൊതു വിദ്യാലയങ്ങളില്‍ ബൈബിള്‍ പഠന കോഴ്സ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹൗസ് ബില്‍ 341 ഇവാഞ്ചലിസ്റ്റ് സഭാംഗവും ജാക്ക്സണ്‍വില്ലേയിലെ ഡെമോക്രാറ്റിക്‌ പ്രതിനിധിയുമായ കിം ഡാനിയല്‍സാണ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചത്. ബില്‍ പാസാകുകയാണെങ്കില്‍ 2020 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തെ ഓരോ സ്കൂള്‍ ജില്ലയും തങ്ങളുടെ പൊതു സ്കൂളുകളില്‍ മതം, ഹീബ്രു ലിഖിതങ്ങള്‍, ബൈബിള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുക്കാവുന്ന കോഴ്സുകള്‍ 9 മുതല്‍ 12 ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്നാണ് പുതിയ ബില്‍ അനുശാസിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഈ കോഴ്സ് തങ്ങളുടെ കോഴ്സ് കോഡ് ഡയറക്ടറിയില്‍ ചേര്‍ത്തിരിക്കണമെന്നും ബില്ലില്‍ അനുശാസിക്കുന്നു. ഫ്ലോറിഡയിലെ നിലവിലെ നിയമമനുസരിച്ച് ബൈബിള്‍ കോഴ്സ് ഉണ്ടെങ്കിലും അത് നിര്‍ബന്ധമായിരുന്നില്ല.

ഈ ബില്ലിനെ സ്വാഗതം ചെയ്തുകൊണ്ട് രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ വിമര്‍ശനം ഉന്നയിച്ചും ചില നിരീശ്വര ചിന്താഗതിയുള്ളവര്‍ മുന്നോട്ടുവരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ബില്ലിനെക്കുറിച്ച് പഠിക്കുവാന്‍ തങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്നാണ് തെക്ക്-കിഴക്കന്‍ ഫ്ലോറിഡയിലെ നിയമസാമാജികരുടെ അഭിപ്രായം. ബൈബിള്‍ സംബന്ധിയായ ബില്‍ കിം ഡാനിയല്‍സ് ഇതിനുമുന്‍പും ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

More Archives >>

Page 1 of 7