Faith And Reason - 2024

ആഗമനക്കാലത്തിന്റെ പ്രാരംഭ ദിനത്തില്‍ 'ആദ്യ പുല്‍ക്കൂടി'ല്‍ പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 29-11-2019 - Friday

വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ ഒന്നാം തീയതി ഞായറാഴ്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് നിര്‍മ്മിച്ച ആദ്യപുല്‍ക്കൂടിന്‍റെ ചരിത്രസ്ഥാനം പാപ്പ സന്ദര്‍ശിക്കും. ആഗമനക്കാലത്തിന്റെ ആദ്യദിനത്തില്‍ വൈകുന്നേരം നാലുമണിയോടെയാണ് ഗ്രേച്യോയിലെ‍ തിരുപ്പിറവിയുടെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുക. അവിടെവച്ച് പൂല്‍ക്കൂടിന്‍റെ യഥാര്‍ത്ഥമായ അര്‍ത്ഥം എന്താണെന്ന് ലോകത്തെ അറിയിക്കുന്ന ഒരു കത്ത് പ്രസിദ്ധപ്പെടുത്തുമെന്നും പാപ്പ കഴിഞ്ഞ ദിവസം പൊതുകൂടിക്കാഴ്ച വേദിയില്‍ വിശ്വാസികളെ അറിയിച്ചു.

ആദ്യ പുല്‍ക്കൂടിലേക്കുള്ള പാപ്പയുടെ യാത്ര സംബന്ധിച്ച വാര്‍ത്ത ലോകത്തിന്‍റെ നാനാഭാഗത്തും എത്തിയിട്ടുള്ളതിനാല്‍ ഗ്രേച്യോയിലേയ്ക്ക് ജനപ്രവാഹത്തിന് സാധ്യതയുണ്ടെന്ന് ഫ്രാന്‍സിസ്ക്കന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ വികാരി, ഫാ. ലൂച്യാനോ ദി ഗ്വിസ്തി, കപ്പൂച്ചിന്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. വിശുദ്ധ നാടായ ബെത്ലഹേമില്‍ യേശു ജനിച്ച സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം യഥാര്‍ത്ഥ തിരുപ്പിറവിയുടെ അനുഭവം പുനര്‍നിര്‍മ്മിക്കണമെന്ന ശക്തമായ ആഗ്രഹമാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയെ പുല്‍ക്കൂട് നിര്‍മ്മാണത്തിലേക്ക് നയിച്ചത്. 1223-ലെ ക്രിസ്തുമസ് നാളില്‍ ചരിത്രത്തില്‍ ആദ്യമായി അങ്ങനെ പുല്‍ക്കൂട് സ്ഥാപിതമായി.

ശിലാരൂപങ്ങള്‍ കൊണ്ടല്ല, മറിച്ച് ദിവ്യശിശുവിനെയും മേരിയെയും യൗസേപ്പിനെയും, ഇടയന്മാരെയും മാലാഖമാരെയും പുനരാവിഷ്ക്കരിച്ചത് വ്യക്തികളെ കൊണ്ടായിരിന്നു. അവര്‍ക്കൊപ്പം ആടുമാടുകളും പക്ഷിമൃഗാദികളാലും ആദ്യത്തെ പുല്‍ക്കൂട്ടില്‍ സജീവമായി സംവിധാനം ചെയ്യപ്പെട്ടു. ഗുഹയില്‍ പുല്‍ക്കൂടിനടുത്ത് നടക്കുന്ന ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍ കടുത്ത മഞ്ഞുപെയ്യുന്ന രാത്രിയില്‍ ഗ്രേച്യോ പട്ടണത്തില്‍ നിന്നും നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. അടുത്ത വര്‍ഷം ഇത് വത്തിക്കാനിലും, അസ്സീസി പട്ടണത്തിലും ആവര്‍ത്തിക്കപ്പെട്ടു. ഇത് പിന്നീടു ലോകമെമ്പാടും പ്രചരിക്കുകയായിരുന്നു.


Related Articles »