News - 2025

4.5 ഏക്കറില്‍ പുല്‍ക്കൂട്; ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി രംഗം കൊളംബിയയില്‍

പ്രവാചകശബ്ദം 10-12-2023 - Sunday

ബൊഗോട്ട: ക്രിസ്തുമസിനോട് അനുബന്ധിച്ച് കൊളംബിയയിലെ ബാരൻക്വില്ലയില്‍ ഒരുക്കിയ തിരുപിറവി ദൃശ്യം ആഗോള ശ്രദ്ധ നേടുന്നു. 18,000 ചതുരശ്ര മീറ്റർ പാർക്കിലാണ് (ഏകദേശം 4.5 ഏക്കർ) തിരുപിറവി ദൃശ്യം സജ്ജീകരിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ദൃശ്യമാണ് കൊളംബിയയില്‍ ഒരുക്കിയിരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2010-ൽ കൊളംബിയൻ സ്വദേശിയായ ഫാബിയൻ റോജാസ് ആരംഭിച്ച 'നേറ്റിവിറ്റി വേള്‍ഡ്' ആണ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. "ലോകത്തിലെ ഏറ്റവും വലിയ തിരുപിറവിരംഗം" എന്നതിനും "ഒരു തിരുപിറവി ദൃശ്യത്തിലെ ഏറ്റവും വലിയ വ്യക്തികൾ" എന്ന പേരിനും ഗിന്നസ് റെക്കോർഡ് നാല് തവണ ലഭിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.



ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സാരാംശം കാണിച്ചുകൊടുക്കുവാനും മുതിർന്നവർക്കും കുട്ടികൾക്കും വ്യത്യസ്തമായ ഒരു ക്രിസ്തുമസ് സമ്മാനിക്കാനും, ഉണ്ണീശോയുടെ ജന്മദിനം അസാധാരണമായ വിധത്തില്‍ ആസ്വദിക്കുവാനുമാണ് തിരുപിറവിരംഗം വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്നതെന്ന് 'നേറ്റിവിറ്റി വേള്‍ഡ്' വ്യക്തമാക്കി. വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരപ്പണിശാല, ഹെറോദേസ് രാജാവിന്റെ കൊട്ടാരം ഉള്‍പ്പെടെയുള്ളവ മെഗാ തിരുപിറവി ദൃശ്യത്തില്‍ ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നേറ്റിവിറ്റി രംഗം ജനുവരി 8 വരെ ബാരൻക്വില്ലയില്‍ പ്രദര്‍ശിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


Related Articles »