Youth Zone - 2024

അറേബ്യന്‍ മണ്ണിലെ ജീസസ് യൂത്ത് മൂവ്മെന്റിന് കാല്‍ നൂറ്റാണ്ട്: ആഘോഷ പരിപാടികള്‍ക്കു സമാപനം

സ്വന്തം ലേഖകന്‍ 05-12-2019 - Thursday

അബുദാബി: വിശുദ്ധ കുര്‍ബാന അര്‍പ്പണവും കുമ്പസാരവും ചര്‍ച്ചകളും സംഗീതവുമായി അത്മായ യുവജന സംഘടനയായ ജീസസ് യൂത്ത് മൂവ്മെന്റിന്റെ അറേബ്യന്‍ മണ്ണിലെ ത്രിദിന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം. റാസ് അല്‍ ഖൈമയിലെ സെന്റ്‌ ആന്‍റണീസ് ദേവാലയത്തില്‍ ശനിയാഴ്ച ആരംഭിച്ച ആഘോഷ പരിപാടികള്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാനിച്ചത്. “അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍” (യോഹ. 2:5) എന്ന സുവിശേഷ വാക്യമായിരുന്നു ആഘോഷ പരിപാടികളുടെ മുഖ്യ പ്രമേയം. ജൂബിലി ആഘോഷങ്ങളുടെ മുഴുവന്‍ പരിപാടികളിലും പങ്കെടുത്തവര്‍ക്ക് ഫ്രാന്‍സിസ് പാപ്പ ദണ്ഠവിമോചനം പ്രഖ്യാപിച്ചിരിന്നു.

തെക്കന്‍ അറേബ്യയുടെ അപ്പസ്തോലിക വികാറായ മോണ്‍. പോള്‍ ഹിന്‍ഡര്‍, വടക്കന്‍ അറേബ്യയുടെ വികാര്‍ മോണ്‍. കാമില്ലോ ബാല്ലിന്‍, അറേബ്യന്‍ ഉപദ്വീപിലെ അപ്പസ്തോലിക പ്രതിധിനിധി മോണ്‍. ഫ്രാന്‍സിസ്കോ പാഡില്ല തുടങ്ങിയവര്‍ക്ക് പുറമേ ഫാ. അബ്രഹാം പള്ളിവാതുക്കല്‍, ബേബി ചാക്കോ, മനോജ്‌ സണ്ണി, എഡ്വാര്‍ഡ് എടഡേഴത്ത്, സി.സി. ജോസഫ് തുടങ്ങി കേരളത്തില്‍ നിന്നുള്ള ജീസസ് യൂത്ത് നേതാക്കളും ആഘോഷപരിപാടികളില്‍ പങ്കെടുത്തു. യേശുവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം മറ്റുള്ളവരിലേക്ക് പങ്കുവെക്കുന്നതിനാലാണ് നമ്മള്‍ ജീവിച്ചിരിക്കുന്നതെന്ന് അപ്പസ്തോലിക പ്രതിനിധി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ജീസസ് യൂത്ത് മൂവ്മെന്റ് ഇപ്പോള്‍ 35 രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, യേശുവിനും സത്യത്തിനും വേണ്ടിയുള്ള ജീസസ് യൂത്ത് അംഗങ്ങളുടെ അടങ്ങാത്ത വിശപ്പാണ് അതിന്റെ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യ പ്രമേയത്തിലൂന്നി ഓരോ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ത്രിദിന ആഘോഷ പരിപാടി നടന്നത്. സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ഷംഷാബാദ് രൂപതാ ബിഷപ്പ് മാർ റാഫേൽ തട്ടിൽ, പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് തുടങ്ങിയവരും സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ പങ്കുചേരാൻ എത്തിയിരുന്നു.

യുവജനങ്ങളുടെ സുവിശേഷവത്കരണം, പ്രേഷിത മേഖലയിലുള്ള പോഷണം എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് ‘തിരുസഭയുടെ ഹൃദയത്തില്‍ നിന്നുള്ള മിഷ്ണറി പ്രസ്ഥാനം’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജീസസ് യൂത്ത് മൂവ്മെന്റ് 1985-ല്‍ കേരളത്തിലാണ് സ്ഥാപിതമാകുന്നത്. 1994-ല്‍ ദുബായിയില്‍ ആരംഭിച്ച ഫെല്ലോഷിപ്പിലൂടെയാണ് സംഘടന യു.എ.ഇയില്‍ ആദ്യ വിത്ത് വിതച്ചത്. യു.എ.ഇ യിലെ മുഴുവന്‍ കത്തോലിക്ക ഇടവകളിലും സംഘടനക്കിന്ന് ശക്തമായ സാന്നിധ്യമുണ്ട്.

Posted by Pravachaka Sabdam on 

More Archives >>

Page 1 of 9