News - 2024

ഭാരതത്തില്‍ നിന്നുള്ള കത്തോലിക്ക വൈദികന് ഓസ്‌ട്രേലിയൻ ഹാൾ ഓഫ് ഫെയിം അവാർഡ്

സ്വന്തം ലേഖകന്‍ 18-12-2019 - Wednesday

കാൻബറ: ജെസ്യൂട്ട് വൈദികനും കൊൽക്കത്ത സെന്‍റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഫാ. ഫെലിക്സ് രാജിന് ഓസ്‌ട്രേലിയൻ ഹാൾ ഓഫ് ഫെയിം അവാർഡ്. വിദ്യാഭ്യാസ മാനേജ്മെന്റ് മേഖലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. ഓസ്‌ട്രേലിയൻ ഹാൾ ഓഫ് ഫെയിം പുരസ്‌കാരം നേടുന്ന പ്രഥമ ഭാരതീയനാണ് ഫാ. രാജ്. ഇന്ത്യൻ ജെസ്യൂട്ട് യൂണിവേഴ്സിറ്റിയും ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റസും (ഐ. സി. എം. എ ) സംയുക്തമായി ഡിസംബർ പതിനാറിന് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ ഫാ. ഫെലിക്സ് രാജിന് പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖർ പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു.

ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ പ്രസിഡന്റ്‌ ബ്രെൻഡൻ ഒ കൊണാലും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ക്രിസ് ഡിസൂസയും ചേർന്ന് ഫാ. ഫെലിക്സ് രാജിന് അവാർഡ് കൈമാറി. അദ്ദേഹത്തിന്റെ സംഭാവനകളും നേട്ടങ്ങളും ഐ. സി. എം. എ അഭിനന്ദിക്കുന്നതായി ക്രിസ് ഡിസൂസ പറഞ്ഞു. അദ്ദേഹത്തെ ആദരിക്കുന്നതിൽ തന്റെ സ്ഥാപനവും അഭിമാനിക്കുന്നതായി ഡിസൂസ കൂട്ടിച്ചേർത്തു. അവാര്‍ഡ് പട്ടികയില്‍ ഇടം നേടിയതിലും കൊൽക്കത്ത സെന്‍റ് സേവ്യർ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചു പുരസ്‌കാരം ഏറ്റുവാങ്ങുവാനും കഴിഞ്ഞതില്‍ കൃതാർത്ഥനാണെന് ഫാ. രാജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.


Related Articles »