Faith And Reason - 2024

ഭവനത്തിലും സ്കൂളിലും ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും പുല്‍ക്കൂട്‌ ഒരുക്കണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 19-12-2019 - Thursday

വത്തിക്കാന്‍ സിറ്റി: ഭവനത്തിലും, സ്കൂളിലും, ജോലിസ്ഥലത്തും, ആശുപത്രിയിലും, ജയിലിലും, കവലകളിലും പുല്‍ക്കൂട്‌ ഒരുക്കുവാന്‍ വിശ്വാസി സമൂഹത്തെ ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പ. നമ്മുടെ ഹൃദയങ്ങളെ യേശുവിന്റെ വരവിനായി കാലിത്തൊഴുത്തു പോലെ ഒരുക്കുകയും, ക്രിസ്തുമസ് എന്താണെന്ന് നമ്മളെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ഓര്‍മ്മപ്പെടുത്തലാണ് പുല്‍ക്കൂടെന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ പൊതു അഭിസംബോധനക്കിടയില്‍ പാപ്പ പറഞ്ഞു. ക്രിസ്തുമസിനു മുന്‍പായി പുല്‍ക്കൂട്‌ ഒരുക്കുവാനും, അതിന്റെ മുന്നില്‍ പ്രാര്‍ത്ഥിക്കുവാനും വിശ്വാസികളെ ക്ഷണിച്ച പാപ്പ തിരുപ്പിറവിയെ ചിത്രീകരിക്കുന്ന പുല്‍ക്കൂട് ഒരു ജീവിക്കുന്ന സുവിശേഷമാണെന്നും പറഞ്ഞു.

തിരുപ്പിറവിയുടെ പ്രാധാന്യവും, അര്‍ത്ഥവും സംബന്ധിച്ച തന്റെ അപ്പസ്തോലിക പ്രമേയത്തെ ചൂണ്ടിക്കാണിച്ചായിരിന്നു പാപ്പയുടെ സന്ദേശം. ദൈവപുത്രന്റെ അവതാരത്തിലൂടെ ദൈവം മനുഷ്യനുമായി കൂടുതല്‍ അടുക്കുകയാണ് ചെയ്തത്. ദൈവവുമായുള്ള മനുഷ്യന്റെ അടുപ്പത്തിന്റെ ആഘോഷമാണ് പുല്‍ക്കൂട്. ഭൂരിഭാഗം പുല്‍ക്കൂടുകളിലും വിരിച്ചു പിടിച്ച കൈകളുമായുള്ള ഉണ്ണിയേശുവിനെയാണ് കാണുവാന്‍ കഴിയുക, ‘ദൈവം മാനവരാശിയെ ആശ്ലേഷിക്കുവാന്‍ വന്നു’ എന്നാണ് ഇത് നമ്മോട് പറയുന്നതെന്ന്‍ പാപ്പ കൂട്ടിച്ചേര്‍ത്തു. പുല്‍ക്കൂടിന് മുന്നില്‍ ഒരു നിമിഷം നിശബ്ദരായി നിന്ന് പ്രാര്‍ത്ഥിക്കുവാനും നമ്മുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളും നമ്മുടെ പ്രതീക്ഷകളും, സങ്കടങ്ങളും ദൈവവുമായി പങ്കുവെക്കുവാനും പാപ്പ ശ്രോതാക്കളെ ക്ഷണിച്ചു.

തനിക്ക് ലഭിച്ച, ഉറങ്ങുന്ന മാതാവിന്റെ അരികില്‍ ഉണ്ണിയേശുവിനെ പിടിച്ചുകൊണ്ടിരിക്കുന്ന യൗസേപ്പിതാവിന്റെ ചിത്രത്തോട് കൂടി 'നമുക്ക് അമ്മയെ ഉറങ്ങുവാന്‍ അനുവദിക്കാം' എന്ന വാചകമെഴുതിയ ഒരു ചെറിയ ക്രിസ്തുമസ് കാര്‍ഡിന്റെ കാര്യവും പാപ്പ പരാമര്‍ശിച്ചു. കരയുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് എത്ര ഭര്‍ത്താക്കന്‍മാര്‍ തങ്ങളുടെ ഭാര്യമാരെ ഉറങ്ങുവാന്‍ അനുവദിക്കുന്നുണ്ടെന്ന് പാപ്പ ചോദിച്ചു. നേരത്തെ പോള്‍ ആറാമന്‍ ഹാളില്‍ ഒരുമിച്ചുകൂടിയ വിശ്വാസികള്‍ ഫ്രാന്‍സിസ് പാപ്പക്ക് ജന്മദിനാശംസ ഏകസ്വരത്തില്‍ നേര്‍ന്നതും ശ്രദ്ധേയമായി. ഈശോയുടെ ജനനത്തെ സംബന്ധിച്ച സുവിശേഷ വായനക്ക് മുന്‍പായി ഹാളില്‍ തടിച്ചു കൂടിയിരുന്ന വിശ്വാസികള്‍ മറ്റൊരു ജന്മദിനം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടതും, ആയിരങ്ങള്‍ ഒരുമിച്ച് ഒരേസ്വരത്തില്‍ പാപ്പക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് പാടിയതുമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ എണ്‍പത്തിമൂന്നാമത് ജന്മദിനം.


Related Articles »