Faith And Reason - 2024
ക്രിസ്തുമസ് ദിനത്തില്‍ അടച്ചിടുന്ന ലോകത്തെ ഒരേയൊരു വിമാനത്താവളം: വിശ്വാസം മുറുകെ പിടിച്ച് ഡബ്ലിന്‍
സ്വന്തം ലേഖകന്‍ 26-12-2019 - Thursday
ഡബ്ലിന്‍: ആഗോള തലത്തില്‍ വ്യോമഗതാഗത രംഗത്ത് കോടികണക്കിന് രൂപയുടെ ബിസിനസ് നടക്കുമ്പോള്‍ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിച്ച് വീണ്ടും ഡബ്ലിന്‍ വിമാനത്താവളം. ക്രിസ്മസ് ദിനം അവധി പ്രഖ്യാപിച്ച് അടച്ചിടുന്ന ലോകത്തെ ഒരേയൊരു വിമാനത്താവളമാണ് ഡബ്ലിന്‍. കഴിഞ്ഞു ദിവസവും തിരുപ്പിറവിക്ക് മണിക്കൂറുകള്‍ ശേഷിക്കെ അവസാന ടേക്ക് ഓഫിന് ശേഷം വിമാനത്താവളം അടച്ചിടുകയായിരിന്നു.
അയര്‍ലണ്ടിലെ രണ്ടാമത്തെ വലിയ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ലിംഗസിന്റെ വിമാനമാണ് ക്രിസ്തുമസിന് മുന്നോടിയായി അവസാനമായി പറന്നുയര്‍ന്ന വിമാനം. തുടര്‍ന്നു വിമാനത്താവളം അടച്ചുപൂട്ടി. കത്തോലിക്കാ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഭരണഘടനയുള്ള രാജ്യത്ത് വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ക്രിസ്തുമസ് ദിനം അതീവ പ്രാധാന്യത്തോടെയാണ് ഡബ്ലിന്‍ വിമാനത്താവളം കണക്കാക്കുന്നത്. അവസാന വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ എയര്‍പോര്‍ട്ടില്‍ പ്രാര്‍ത്ഥനകളും വെഞ്ചിരിപ്പ് കര്‍മ്മവും നടന്നു.
യാത്രക്കാര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കുംവേണ്ടിയാണ് ക്രിസ്മസ് ദിനത്തിലെ ഈ പ്രത്യേക പ്രാര്‍ത്ഥനാചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഐറിഷ് വൈദികനായ ഫാ. ഡെസ്മണ്ട് ഡോയലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകളില്‍ സഹകാര്‍മ്മികനായത് മലയാളി വൈദികനാണെന്നതും ശ്രദ്ധേയമാണ്. വരാപ്പുഴ അതിരൂപതാംഗമായ ഫാ. ആന്റണി വിപിനാണ് സഹകാര്‍മ്മികനായത്. ക്രിസ്തുമസ് ആഴ്ചയില്‍ പന്ത്രണ്ട് ലക്ഷത്തോളം യാത്രക്കാരാണ് ഡബ്ളിന്‍ വിമാനത്താവളം ഉപയോഗിച്ചത്. എന്നാല്‍ തിരുപ്പിറവിക്ക് മുന്നില്‍ തങ്ങളുടെ ബിസിനസ് അധികാരികള്‍ ഒഴിവാക്കുകയായിരിന്നു.