News

വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് വിഭൂതി കുരിശ് നെറ്റിയില്‍ സ്വീകരിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ്

പ്രവാചകശബ്ദം 07-03-2025 - Friday

വാഷിംഗ്ടണ്‍ ഡി‌സി: പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ത്യാഗത്തിന്റെയും നോമ്പുകാലത്തിലേക്ക് പ്രവേശിച്ച വിഭൂതി ബുധനാഴ്ച കുരിശ് നെറ്റിയില്‍ സ്വീകരിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സും. ടെക്സസിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിനരികെ കത്തോലിക്കാ വൈദികനില്‍ നിന്നു നെറ്റിയില്‍ ചാരംകൊണ്ടുള്ള കുരിശ് സ്വീകരിച്ച പ്രസിഡന്റിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. അമേരിക്കൻ കേബിൾ, സാറ്റലൈറ്റ് ടെലിവിഷൻ ശൃംഖല സി-സ്പാനാണ് വീഡിയോ പുറത്തുവിട്ടത്.

മെക്സിക്കോയുമായുള്ള തെക്കൻ അതിർത്തിയിൽ നിന്ന് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളുടെ ഫലങ്ങൾ പരിശോധിക്കാൻ വാൻസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനും നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡിനും ഒപ്പം അതിർത്തി പട്ടണമായ ഈഗിൾ പാസ് സന്ദർശിച്ചിരുന്നു. ഇവിടെ നിന്ന് മടങ്ങുന്നതിന് മുന്‍പാണ് ജെ.ഡി. വാൻസും ട്രംപ് ഭരണകൂടത്തിലെ മറ്റ് അംഗങ്ങളും വിഭൂതിയുടെ സ്മരണയില്‍ നെറ്റിയില്‍ കുരിശ് സ്വീകരിച്ചത്. വൈദികനോട് നന്ദി അറിയിച്ച ശേഷമാണ് വാന്‍സ് മടങ്ങിയത്.

അടിയുറച്ച കത്തോലിക്ക വിശ്വാസിയായ വാന്‍സ് ഭ്രൂണഹത്യയെ അതിശക്തമായി എതിര്‍ക്കുന്ന നേതാവ് കൂടിയാണ്. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചും കത്തോലിക്ക പ്രബോധനങ്ങളെ കുറിച്ചും ആഴമേറിയ കാഴ്ചപ്പാടുള്ള വ്യക്തി കൂടിയാണ് വാന്‍സ്. ഫെബ്രുവരി 20-ന് മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന 2025 കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൻ്റെ (CPAC) പ്രധാന വേദിയില്‍ നടത്തിയ പ്രഭാഷണത്തില്‍, ദൈവത്തിൻ്റെ കൃപയിൽ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അവിടുത്തെ ഇഷ്ടം നിറവേറ്റുവാന്‍ തങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വാന്‍സ് പറഞ്ഞിരിന്നു.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »