Faith And Reason - 2024

ചൈനയില്‍ നൂറിലധികം ക്രൈസ്തവ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അന്യായമായി അടച്ചുപൂട്ടി

സ്വന്തം ലേഖകന്‍ 06-01-2020 - Monday

ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മതപീഡനം രൂക്ഷമാകുന്നു. ഫുജിയാന്‍ പ്രവിശ്യയുടെ ഭാഗമായ ഫൂജു അതിരൂപതയിലെ നൂറിലധികം കത്തോലിക്ക പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ അടച്ചുപൂട്ടി. സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയില്‍ ചേരാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന വൈദികര്‍ നടത്തുന്ന പ്രാര്‍ത്ഥന കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. ഫൂജുവിലെ വത്തിക്കാന്‍ നിയമിതനും മുന്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ ഫാ. ലിന്‍ യുന്‍ടുവാന്റെ ജന്മദേശമായ ഫൂക്വിങ് നഗരത്തിലെ മുഴുവന്‍ കത്തോലിക്കാ ആരാധനാലയങ്ങളും അടച്ചുപൂട്ടിയെന്ന് ചൈനയിലെ മതസ്വാതന്ത്ര്യവും മനുഷ്യവകാശവും ചർച്ച ചെയ്യുന്ന ബിറ്റർ വിന്റർ ഓണ്‍ലൈന്‍ മാധ്യമമാണ് പുറംലോകത്തെ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് സഭയില്‍ ചേരുവാന്‍ വിസമ്മതിച്ച് നില്‍ക്കുന്ന വൈദികരെ വരുതിക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഭരണകൂടം പ്രത്യേക പരിപാടി സംഘടിപ്പിച്ചിരിന്നു. ഫൂജു അതിരൂപതയിലെ വൈദികര്‍ക്ക് വേണ്ടി ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രഹസ്യ ഏജന്‍സിയായ യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റും (യു.എഫ്.ഡബ്ലിയു.ഡി) ഫൂജുവിലെ എത്നിക് റിലീജിയസ് അഫയേഴ്സ് ബ്യൂറോയും സംയുക്തമായി സംഘടിപ്പിച്ച ത്രിദ്വിന പരിശീലന കോണ്‍ഫന്‍സില്‍ വെറും അഞ്ച് വൈദികര്‍ മാത്രമാണ് പങ്കെടുത്തത്. ഇതിലുള്ള വിരോധമാണ് അതിരൂപതയിലെ ദേവാലയങ്ങളുടെ അടച്ചുപൂട്ടലിന്റെ കാരണമായി കരുതപ്പെടുന്നത്.

ചൈനീസ് പാട്രിയോട്ടിക് കത്തോലിക് അസോസിയേഷനില്‍ (സി.പി.സി.എ) ചേരുവാന്‍ വിസമ്മതിക്കുന്ന വൈദികര്‍ക്ക് നേതൃത്വം നല്‍കുന്നത് ഫൂജു അതിരൂപതയില്‍ സ്വാധീനമുള്ള ഫാ. ലിന്‍ ആണെന്നാണ്‌ സര്‍ക്കാര്‍ അനുമാനം. കത്തോലിക്കാ പുരോഹിതരെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ വൈദികന്‍ ഒരു തടസ്സമാണ്. അദ്ദേഹത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാനാണ് ദേവാലയങ്ങള്‍ അടച്ചുപൂട്ടിയതെന്നു ഫൂക്വിങ്ങിലെ വൈദികര്‍ 'ബിറ്റര്‍ വിന്ററി'നോട് വെളിപ്പെടുത്തി. ഫൂജു കത്തോലിക്ക അതിരൂപത നിലവില്‍ വന്നതുമുതല്‍ സര്‍ക്കാര്‍ അതിരൂപതയെ തകര്‍ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

നിരവധി ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു കഴിഞ്ഞു. അതിരൂപതയിലെ മുഴുവന്‍ വൈദികരും സര്‍ക്കാരിന്റെ രഹസ്യ നിരീക്ഷണത്തിലാണ്. വൈദികരെ നിയമവിരുദ്ധമായി തടവിലാക്കുന്നതും പതിവായി മാറിയിരിക്കുകയാണ്. ജിന്‍, ഗുലൌ എന്നീ ജില്ലകളിലെ മുഴുവന്‍ ദേവാലയങ്ങളും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്. 2018-ല്‍ ഉണ്ടാക്കിയ ചൈന-വത്തിക്കാന്‍ കരാര്‍ തിരുസഭക്കു യാതൊരു പ്രയോജനവും ഉണ്ടാക്കിയിട്ടില്ലെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം ചൂണ്ടിക്കാട്ടുന്നത്.


Related Articles »