Social Media - 2024

ലവ് ജിഹാദ്: സീറോ മലബാര്‍ സഭയെ രണ്ടു പക്ഷത്താക്കാന്‍ ആര്‍ക്കാണ് തിടുക്കം?

ഫാ. നോബിള്‍ പാറയ്ക്കല്‍ 17-01-2020 - Friday

ഇന്നത്തെ മംഗളം പത്രം, മനോരമ ഓണ്‍ലൈന്‍ എന്നിവയില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടുകള്‍ ഇങ്ങനെയാണ് "സിനഡിനെയും മേജര്‍ ആര്‍ച്ചുബിഷപ്പിനെയും വിമര്‍ശിച്ച് സീറോ മലബാര്‍ മുഖപത്രം" (മംഗളം) "സഭയുടെ ലവ് ജിഹാദ് സര്‍ക്കുലര്‍ അനവസരത്തില്‍- തള്ളി മുഖപത്രത്തില്‍ ലേഖനം" (മനോരമ ഓണ്‍ലൈന്‍). ന്യൂസ് 18-ന്റെ ടെലിവിഷന്‍ വാര്‍ത്ത നവമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നതിന്റെ തലക്കെട്ട് ഇങ്ങനെയാണ് "ലൗ ജിഹാദ് സര്‍ക്കുലറില്‍ സീറോ മലബാര്‍ സഭ രണ്ടു വഴിക്ക്, സിനഡ് സര്‍ക്കുലറിന് എതിരേ അങ്കമാലി അതിരൂപത".

ഈ വാര്‍ത്തകള്‍ക്ക് ആധാരമായിരിക്കുന്നത് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സത്യദീപം എന്ന വാരികയിലെ "വരികള്‍ക്കിടയില്‍" എന്ന കോളത്തില്‍ വന്നിരിക്കുന്ന ലേഖനമാണ്. "പൗരത്വഭേദഗതിയും ലൗജിഹാദും കൂട്ടിച്ചേര്‍ക്കാമോ?" എന്നതാണ് അതിന്റെ തലക്കെട്ട്. പ്രസ്തുത കോളത്തെ അടിസ്ഥാനമാക്കിയുള്ള ഈ രണ്ടു വാര്‍ത്തകളെയും കുറിച്ച് സീറോ മലബാര്‍ സഭയിലെ ഒരു വൈദികനെന്ന നിലയില്‍ എനിക്കും ചില അഭിപ്രായങ്ങളുണ്ട്. സഭയിലെ ഏതൊരംഗത്തിനും (അത്മായര്‍, സന്യസ്തര്‍, വൈദികര്‍, മെത്രാന്മാര്‍) ഞാന്‍ പറയുന്ന കാര്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ എന്നെ തിരുത്താവുന്നതാണ്.

1. ഏറ്റവും പ്രധാനപ്പെട്ട കാര്യം സത്യദീപം എന്നത് സീറോ മലബാര്‍ സഭയുടെ മുഖപത്രമല്ല എന്നതാണ്. സത്യദീപം സീറോ മലബാര്‍ സഭയിലെ ഒരു രൂപതയായ എറണാകുളം-അങ്കമാലി അതിരൂപതയുടെ മാത്രം പ്രസിദ്ധീകരണമാണ്. Printed and published by Fr. Mathew Kilukkan for and on behalf of Ernakulam Archdiocesan Publication Trust എന്ന് വളരെ വ്യക്തമായി എല്ലാ സത്യദീപത്തിന്റെയും അവസാനപേജില്‍ അച്ചടിച്ചിട്ടുമുണ്ട്. മറ്റു രൂപതകളിലും സത്യദീപം വിതരണം ചെയ്യപ്പെട്ടിരുന്നു. എങ്കിലും അടുത്തകാലത്തായി വിശ്വാസസംബന്ധമായ കാര്യങ്ങളിലെ തെറ്റായ വ്യാഖ്യാനങ്ങളും അയഞ്ഞ നിലപാടുകളും സത്യദീപത്തിന്റെ പ്രചാരത്തെ കാര്യമായി ബാധിച്ചു.

ഒപ്പം പലപ്പോഴായി സീറോ മലബാര്‍ സിനഡിനും സഭാപിതാവിനുമെതിരേ ലേഖനങ്ങളെഴുതിയത് മറ്റുരൂപതകളിലെ വിശ്വാസികള്‍ക്കിടയില്‍ വൈദികര്‍ തന്നെ സത്യദീപം നിരുത്സാഹപ്പെടുത്തുന്നതിനും കാരണമായി. മലബാറിലെ ചില ദേവാലയങ്ങളിലെങ്കിലും വിതരണം ചെയ്യാതെ സത്യദീപം കൂട്ടിയിട്ടിരിക്കുന്നതിന് ഞാന്‍ ദൃക്സാക്ഷിയാണ്.

2. "വരികള്‍ക്കിടയില്‍" എന്ന കോളം കേവലം ഒരു വ്യക്തിയുടെ ആശയപ്രകാശനമാണ്. സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡിന്റെ അഭിപ്രായപ്രകടനത്തോട് കേവലമൊരു വ്യക്തിയുടെ തോന്നലുകളെ താരതമ്യം ചെയ്യുന്നത് തന്നെ ഭീമമായ തമാശയാണ്. അര്‍ഹതയുള്ളവ തമ്മിലേ കൂട്ടിവായിക്കാനോ താരതമ്യം ചെയ്യാനോ പാടുള്ളൂ എന്ന സാമാന്യതത്വം പാലിക്കപ്പെടേണ്ടതുണ്ട്. പ്രസ്തുത ലേഖനത്തിന്റെ ഉത്തരവാദിത്വം പത്രം തന്നെ ഏറ്റെടുക്കുന്നുണ്ടോ എന്ന് ആദ്യം ചോദിക്കണം. രണ്ട്, ആ അഭിപ്രായത്തോട് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ പോലും യോജിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. ഇതൊക്കെ കഴിഞ്ഞിട്ടല്ലേ സഭയില്‍ രണ്ടു പക്ഷമെന്നൊക്കെ തള്ളിവിടേണ്ടതുള്ളൂ, പ്രിയ മാധ്യമങ്ങളേ..!

3. സീറോ മലബാര്‍ ബിഷപ്സ് സിനഡ് രാഷ്ട്രീയകാര്യങ്ങളില്‍ ആധികാരികമായി അഭിപ്രായം പറയാനുള്ള ഒരു സംവിധാനമല്ല. സീറോ മലബാര്‍ സഭയുടെ പ്രത്യേകനിയമത്തില്‍ (Code of Particular Law of the Syro Malabar Church) സിനഡിന്റെ Nature, competence, objectives വളരെ വിശദമായി അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആയതിനാല്‍ത്തന്നെ രാഷ്ട്രീയ-സാമൂഹികവിഷയങ്ങളിലെ സിനഡിന്റെ നിലപാടുകള്‍ (അഭിപ്രായപ്രകടനങ്ങള്‍) അപ്രമാദിത്വമുള്ളവല്ല. അത് വിമര്‍ശനാതീതവുമല്ല. തീര്‍ച്ചയായും ഏതൊരാള്‍ക്കും അതിനെ വിമര്‍ശിക്കാനും അതിനെതിരേ നിലപാടുകള്‍ സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം സഭയിലും ഭാരതമെന്ന ഈ ജനാധിപത്യരാഷ്ട്രത്തിലുമുണ്ട്. പ്രസ്തുത കോളത്തിലെ വിമര്‍ശനം പോലെ തന്നെ കേരളകത്തോലിക്കാസഭക്ക് പൗരത്വബില്‍, പൗരത്വരജിസ്റ്റര്‍ വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്നതും സത്യമാണ്.

Must Read: ‍ സത്യദീപം വഴി തെറ്റുന്നുവോ? ഗുരുതരമായ തെറ്റിനെ ചൂണ്ടിക്കാണിച്ച് വൈദികന്റെ തുറന്ന കത്ത്

എങ്കിലും, ഈ വിഷയത്തില്‍ ഭാരതത്തിലെ എല്ലാ പൊതുസംവിധാനങ്ങള്‍ക്കും ഒരു പൊതുനിലപാട് ഉണ്ടാകണം എന്ന് എന്തു നിര്‍ബന്ധമാണുള്ളത്. പ്രസ്തുത വിഷയം പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന നിയമവിദഗ്ദര്‍ക്കിടയില്‍പ്പോലും വ്യത്യസ്ത അഭിപ്രായങ്ങളുള്ളപ്പോള്‍ സഭക്ക് ആധികാരികമായ പൊതുനിലപാട് ഉണ്ടാകണമെന്ന വാശി എന്തിനാണ്. സഭാതനയര്‍ വിദ്യാഭ്യാസമുള്ളവരും സാമൂഹിക-രാഷ്ട്രീയകാര്യങ്ങളില്‍ അറിവുള്ളവരുമാണ്. ആയതിനാല്‍ ഈ വിഷയത്തില്‍ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണമെന്നതിലും കുലീനമായ മറ്റെന്ത് കാര്യമാണ് ഒരു ഭരണകൂടത്തോട് സഭക്ക് ആവശ്യപ്പെടാനായിട്ടുള്ളത്.

4. ലൗജിഹാദിനെ സംബന്ധിച്ച് പക്ഷേ, സീറോ മലബാര്‍ സിനഡ് നിലപാടിനെ വിമര്‍ശിക്കുന്നത് ഇപ്പോഴും ഒരു ക്രൈസ്തവ പ്രസിദ്ധീകരണമെന്ന് അവകാശപ്പെടുന്ന സത്യദീപത്തിന് നിരക്കുന്നതാണോയെന്ന് രണ്ടുവട്ടം ചിന്തിക്കേണ്ടിയിരിക്കുന്നു. തിരക്കിനിടയിലെഴുതിയ ഒരു കുറിപ്പെന്നതിലുപരി ഏതെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായപ്രകടനമായി ഈ എഴുത്ത് പരിഗണിക്കാന്‍ പോലുമാവില്ല. കേരളത്തിലെ ക്രൈസ്തവസമൂഹം പ്രത്യേകിച്ച് യുവജനങ്ങള്‍ ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ ശ്രദ്ധിക്കൂ . . .

➤ 2009-ല്‍ കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഐക്യജാഗ്രതാ കമ്മീഷന്‍ കേരളത്തിലെമ്പാടും നടത്തിയ അന്വേഷണത്തില്‍ 3 വര്‍ഷം കൊണ്ട് നാലായിരത്തിലധികം പേര്‍ ലൗജിഹാദിന് ഇരയായിട്ടുണ്ട് എന്ന് കണ്ടെത്തിയത് കമ്മീഷന്‍ സെക്രട്ടറിയുടെ സ്വപ്നമായിരുന്നോ?

➤ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന 21 പേരില്‍ പത്തോളം പേര്‍ ക്രൈസ്തവരായിരുന്നുവെന്ന സത്യത്തെ എങ്ങനെ വ്യാഖ്യാനിക്കും?

➤ മറ്റു മതങ്ങളില്‍ നിന്ന് ക്രൈസ്തവമതം സ്വീകരിച്ചവരെക്കുറിച്ച് ലജ്ജയില്ലാതെ പറയുമ്പോള്‍ അവരാരും തന്നെ ആടുമേയിക്കാന്‍ പോയിട്ടില്ലെന്നും അവര്‍ കെട്ടി വന്ന കുടുംബങ്ങളില്‍ സുരക്ഷിതരായി ജീവനോടെ തന്നെ ഇരിപ്പുണ്ടെന്നും ഓര്‍ക്കാതെ പോകുന്നത് ആരുടെ കുറ്റമാണ്?

➤ ലൗജിഹാദില്‍പ്പെട്ട് കാണാതാകുന്ന കുഞ്ഞുങ്ങളെക്കുറിച്ച് വിശ്വാസിസമൂഹത്തിനുള്ള വേദന ഒരു ക്രൈസ്തവപ്രസിദ്ധീകരണത്തിന് മനസ്സിലാകാതെ പോകുന്നതെന്താണ്?

➤ പ്രണയത്തില്‍പ്പെട്ട് നാടുവിടുന്നവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സംഘടിതപ്രസ്ഥാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് പിന്നിലെ യുക്തി എന്താണ്?

➤ പ്രണയത്തില്‍പ്പെട്ടു പോകുന്ന പെണ്‍കുട്ടികളെ നേടാന്‍ വേണ്ടി കോടതികളില്‍ പ്രത്യക്ഷപ്പെടുന്ന മണിക്കൂറിന് പ്രതിഫലം വാങ്ങുന്ന വക്കീലന്മാര്‍ എങ്ങനെയാണ്?

➤ പ്രണയത്തിലകപ്പെടുന്ന കുട്ടികള്‍ എന്തുകൊണ്ടാണ് ഏതാനും മാസങ്ങള്‍ കൊണ്ടു തന്നെ അറബിഭാഷ പഠിച്ച് ഇസ്ലാംമതഗ്രന്ഥം സ്വായത്തമാക്കുന്നത്?

➤ നാടുവിട്ടോടുന്നവരെല്ലാം എന്തുകൊണ്ടാണ് തീവ്രവാദത്തിന് ശക്തമായി വേരോട്ടമുള്ള നാടുകളിലേക്ക് മാത്രമായി അപ്രത്യക്ഷരാകുന്നത്?

➤ പ്രണയത്തിന്റെ ആരംഭത്തിലല്ലെങ്കിലും പിന്മാറില്ലെന്ന് ഉറപ്പാകുന്ന കാലം മുതല്‍ മതം മാറണമെന്ന് നിര്‍ബന്ധിക്കുന്നതിന്റെ പിന്നിലെ യുക്തിയെന്താണ്?

ഇത്തരം യാതൊരു പരിഗണനകളുമില്ലാതെ ലൗജിഹാദ് ഭാവനാസൃഷ്ടിയാണെന്ന് സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുന്നതിന്റെ ഉദ്ദേശം വ്യക്തി സഭക്കും സമുദായത്തിനും സമുദായത്തിന്റെ ആത്മീയനേതൃത്വത്തിനും ഉപരിയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.

സമാപനം ‍

ആരൊക്കെ തള്ളിക്കളഞ്ഞാലും കുഞ്ഞുങ്ങളെ നഷ്ടപ്പെടുകയും ദുരൂഹസാഹചര്യങ്ങളില്‍ കാണാതാവുകയം ചെയ്യുന്നതില്‍ ആകുലപ്പെടുന്ന ഒരമ്മ എന്ന നിലയില്‍ പരിശുദ്ധസഭക്കും സഭാസിനഡിനും ഇനിയും അവഗണിക്കാനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ് ലൗജിഹാദ്. ഭാരതത്തിലെ ഏതൊരു സംവിധാനത്തെയും പോലെ തന്നെ സാമൂഹിക-രാഷ്ട്രീയകാര്യങ്ങളില്‍ വേണമെങ്കില്‍ സീറോ മലബാര്‍ സിനഡിനും അഭിപ്രായം പറയാം. എന്നാല്‍ പ്രസ്തുത അഭിപ്രായത്തെയും സമുദായാംഗങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന അതീവപ്രാധാന്യമുള്ള ലൗജിഹാദ് വിഷയത്തെയും ഒറ്റച്ചരടില്‍ കോര്‍ത്തതിന് പിന്നില്‍ അത്ര ക്രൈസ്തവമല്ലാത്തൊരു യുക്തി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് ചിന്തനീയമാണ്. മദ്ധ്യകേരളത്തില്‍ വീശുന്ന കാറ്റില്‍ രക്തഗന്ധമുള്ള പണം പാറിപ്പോകുന്നുവെന്ന് പലരും ആശങ്കപ്പെടുന്നതില്‍ കഴമ്പുണ്ടെന്നും തോന്നിപ്പോകുന്നു.

എന്തൊക്കെയായാലും, ഒരു രൂപതയുടെ മാത്രം പ്രസിദ്ധീകരണത്തില്‍ കേവലം ഒരു വ്യക്തിയുടെ അഭിപ്രായപ്രകടനം സീറോ മലബാര്‍ സഭയെന്ന വലിയ കൂട്ടായ്മയെ രണ്ടായി വിഭജിക്കാന്‍ മാത്രം കരുത്തുള്ളതല്ലെന്ന് ഒരാവര്‍ത്തികൂടി കുറിച്ചുകൊണ്ട് സമാപിപ്പിക്കുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 12