News
റാസ് അല്‍ ഖൈമയില്‍ ആദ്യത്തെ കത്തോലിക്ക സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു
സ്വന്തം ലേഖകന്‍ 30-01-2020 - Thursday
റാസ് അല്‍ ഖൈമ: യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ഉള്‍പ്പെടുന്ന റാസ് അല്‍ ഖൈമയിലെ ആദ്യത്തെ കത്തോലിക്ക സ്കൂളായ സെന്റ് മേരീസ് പ്രൈവറ്റ് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച റാസ് അല്‍ ഖൈമ ഭരണാധികാരിയും ‘റാസ് അല്‍ ഖൈമ എക്കണോമിക് സോണിന്റെ (RAKEZ) ചെയര്‍മാനുമായ ഷെയിഖ് സൗദ് ബിന്‍ സാക്ര്‍ അല്‍ ക്വാസിമിയാണ് സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്. സതേണ്‍ അറേബ്യയിലെ അപ്പസ്തോലിക വികാര്‍ ആയ ബിഷപ്പ് പോള്‍ ഹിന്‍ഡറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. ഖലീഫ ബിന്‍ സായിദ് സിറ്റിയില്‍ ഷെയിഖ് സൗദ് ബിന്‍ സാക്ര്‍ അല്‍ ക്വാസിമി തന്നെ സംഭാവന ചെയ്ത ഭൂമിയിലാണ് സ്കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ആയിരത്തിഎണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനുള്ള സൗകര്യം ഇംഗ്ലീഷ് മീഡിയം സിലബസുള്ള സ്കൂളിനുണ്ട്. അടിസ്ഥാന ഘട്ടം മുതല്‍ എ-ലെവല്‍ വരെയുള്ള വിദ്യാഭ്യാസമാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതല്‍ തന്നെ സ്കൂളിലേക്കുള്ള അഡ്മിഷന്‍ ഉള്‍പ്പെടെയുള്ള അനൗപചാരിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിന്നു. ഏതാണ്ട് മുന്നൂറോളം കുട്ടികള്‍ ഇതൊനോടകം പ്രവേശനം നേടിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാവിഭാഗങ്ങളേയും ഉള്‍പ്പെടുത്തുവാനും സഹിഷ്ണുത, ബഹുമാനം, തൊഴില്‍പരമായ നീതി തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ കഴിയുന്ന ശക്തമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനാവശ്യമായ ഗുണങ്ങള്‍ നല്‍കുവാന്‍ സ്കൂളിന് കഴിയട്ടെയെന്ന് ഷെയിഖ് സൗദ് ബിന്‍ സാക്ര്‍ അല്‍ ക്വാസിമി ഉദ്ഘാടന സന്ദേശത്തില്‍ ആശംസിച്ചു.
സ്കൂളിന്റെ നിര്‍മ്മാണം സംബന്ധിച്ച് ഷെയിഖ് സൗദ് ബിന്‍ സാക്ര്‍ അല്‍ ക്വാസിമിയുമായുള്ള പ്രാരംഭ ചര്‍ച്ചകളില്‍ ബിഷപ്പ് പോള്‍ ഹിന്‍ഡറും പങ്കാളിയായിരുന്നു. റാസ് അല്‍ ഖൈമയുടെ ദ്രുതഗതിയിലുള്ള വികസനം കണക്കിലെടുത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കുടുംബങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സ്കൂള്‍ നിര്‍മ്മിക്കുവാന്‍ തങ്ങള്‍ക്കാഗ്രഹമുണ്ടായിരുന്നുവെന്ന്‍ മെത്രാന്‍ പോള്‍ ഹിന്‍ഡര്‍ പറഞ്ഞു. ഗ്രൂപ്പിന്റെ മറ്റുള്ള സ്കൂളുകള്‍ പോലെ വിവിധ രാഷ്ടങ്ങളില്‍ നിന്നും, സംസ്കാരങ്ങളില്‍ നിന്നും, മതങ്ങളില്‍ നിന്നുമുള്ള കുട്ടികളെ സേവിക്കുവാന്‍ പുതിയ സ്കൂളിനും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. യു.എ.ഇ യില്‍ സെന്റ് മേരീസ് ഗ്രൂപ്പിന്റെ ആറാമത്തെ കാമ്പസ്സാണിത്. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ എന്നീ എമിറേറ്റുകളില്‍ ഇതിനോടകം തന്നെ സെന്റ് മേരീസ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക