Social Media

ഈ ലോകം, എനിക്കും കൂടെ അവകാശപ്പെട്ടതല്ലേ? ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ നെടുവീര്‍പ്പുകള്‍

ബ്രൂണി മരിയ ടെന്‍സി 26-01-2023 - Thursday

ഭൂമിയിലേക്ക് ഒരു വരവ് സ്വപ്നമായി നടക്കുമ്പോഴാണ് അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നത്. ഞാൻ എത്തിയ വിവരം 'അമ്മ' പോലും അറിഞ്ഞിരുന്നില്ല. അമ്മയുടെ ആഹ്ളാദവും കുടുംബത്തിലെ ചർച്ചകളും സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന എനിക്ക് അമ്മയുടെ പ്രതികരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നമുക്ക് ഇപ്പോൾ തന്നെ ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടല്ലോ, പിന്നെ എന്തിനാ വീണ്ടും ഒരു കുട്ടി? എന്റെ ഹൃദയമിടിപ്പു തന്നെ നിന്നുപോകുമോ എന്ന അവസ്ഥ. കുഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി, എന്റെ ഏങ്ങലുകൾ അടക്കുവാൻ ഞാൻ കഷ്ടപ്പെട്ടു.

അപ്പ അമ്മയെ സമാധാനിപ്പിക്കുകയും പ്രതീക്ഷ നൽകുകയും ചെയ്തു. ഞാൻ എന്റെ ചേച്ചിയെയും ചേട്ടനെയും നോക്കി. അമ്മയുടെയും അപ്പയുടെയും കല്യാണം കഴിഞ്ഞു മക്കൾ ഉണ്ടാകാൻ വൈകിയപ്പോൾ എന്നും ചികിത്സയും പ്രാർത്ഥനയുമായി കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ എന്നെ വേണ്ടെന്നു വെയ്ക്കാൻ തീരുമാനിക്കുന്നത് എന്താണെന്നന്നത് മനസിലാകുന്നില്ല. പിന്നെ ഒരു ആശ്വാസം അമ്മയും അപ്പയും ദുബായിയിൽ താമസിക്കുകയാണ്. അവിടെ അബോർഷൻ നിയമവിരുദ്ധമാണല്ലോ എന്ന ആശ്വാസത്തിൽ ഞാൻ ഇരുന്നു. ഇടയ്ക്കു അമ്മയുടെ വയറ്റിൽ ഉമ്മ വെയ്ക്കും, തൊട്ടു നോക്കും, പിന്നെ എന്റെ കാലൊക്കെ അമ്മയുടെ വയറ്റിൽ ഉരസി നോക്കും. അമ്മ എന്നെ ഒന്ന് മനസ്സലാക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചു.

അപ്പയ്ക്കും അമ്മയുടെ മനസ് മാറ്റാൻ കഴിഞ്ഞില്ല. അങ്ങനെ അമ്മ തനിയെ നാട്ടിലേക്കു അബോർഷനായി യാത്ര തിരിച്ചു. അവിചാരിതമായി അമ്മ മാത്രം നാട്ടിലെത്തിയപ്പോൾ എല്ലാവരും കാര്യം അന്വേഷിച്ചു. അമ്മയാണെങ്കിൽ തീരുമാനത്തിൽ ഉറച്ചു നിന്നുകൊണ്ട് കാര്യം അവതരിപ്പിച്ചു. മക്കൾ ഇല്ലാത്ത ദമ്പതികളുടെ ദുഖവും പ്രതിസന്ധിയും അറിഞ്ഞിട്ടും ഇത്തരമൊരു നിഷ്കരുണമായ പ്രവർത്തിയ്ക്കു ഒരുങ്ങിയ അമ്മയെ അമ്മയുടെ വീട്ടുകാർ കൈയൊഴിഞ്ഞു. പിന്നെ അപ്പയുടെ അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഞാൻ നിസ്സഹായനായി കൈകൾ കൂപ്പി അമ്മയോട് അപേക്ഷിച്ചു. എന്നാൽ എന്തൊക്കെയോ ചിന്തകൾ അമ്മയെ ശക്തമായി മുന്നോട്ടു നയിച്ചു. അങ്ങനെയിരിക്കുമ്പോൾ അമ്മയുടെ ഫോണിലേക്കു ഒരു വീഡിയോ വന്നു. ഒരു കുഞ്ഞിനെ അബോർഷൻ ചെയ്തു കളയുന്ന ദൃശ്യങ്ങൾ. അത് കാണുമ്പോൾ ഞാൻ അമ്മയുടെ മുഖത്തേയ്ക്കു നോക്കി. എന്നാൽ ഭാവഭേദമില്ലാതെ ഇരുന്ന അമ്മയ്ക്ക് ഒരിക്കൽ കൂടെ ഞാൻ കണ്ണുനീരിൽ കുതിർന്ന ഒരു ചുടുമുത്തം നൽകി കണ്ണടച്ചിരുന്നു. അപ്പോഴേക്കും ഡോക്ടറെ കാണാൻ നേഴ്സ് അമ്മയെ വിളിച്ചു.

ഒരു വനിതാ ഡോക്ടറെ കണ്ടപ്പോൾ എനിക്ക് കുറച്ചു ആശ്വാസം ലഭിച്ചു. അവർ എന്നെ മനസിലാക്കി അമ്മയെ അനുനയിപ്പിക്കും എന്ന പ്രതീക്ഷ കൈവിടാതെ ഞാൻ കാത്തിരുന്നു. സ്കാനിംഗിൽ എന്റെ ശരീരം 'അമ്മ' കാണുമ്പോൾ ഞാൻ പരമാവധി ചിരിച്ചു നോക്കി. പക്ഷെ ഒരു മാംസപിണ്ഡമായി മാത്രം എന്നെ പരിഗണിച്ച ആ ഡോക്ടറും എന്നെ നിരാശപ്പെടുത്തി. അമ്മയ്ക്കു പ്രായം കവിഞ്ഞു ഉണ്ടാകുന്ന ഗർഭധാരണം ഒരു മാനസിക വൈകല്യമുള്ള കുട്ടിക്ക് ജന്മം നൽകുമെന്ന മുട്ടുന്യായവും നിരത്തി അവർ അമ്മയുടെ പക്ഷം ചേർന്നപ്പോൾ ഞാൻ തലയിൽ കൈവെച്ചു പോയി.കൈയും കാലും വേർപെട്ടു നെഞ്ച് പിടയുന്ന വേദനയുമായി ജനിക്കും മുൻപേ മരണമടയുന്ന എന്റെ അവസഥ ദൈവത്തിനു സമർപ്പിച്ചു. എന്റെ മരണത്തിനു തിയതി കുറിച്ച് വാങ്ങിയ അമ്മയുടെ തീരുമാനം ആരെങ്കിലും തെറ്റാണെന്നു ചൂണ്ടികാണിക്കുമെന്ന അവസാന പ്രതീക്ഷയും അസ്തമിച്ചു.

എന്നിരുന്നാലും, എനിക്ക് വേണ്ടിയുള്ള പ്രാർത്ഥനയുമായി ആരൊക്കെയോ കൂടെ നിന്നു. അബോർഷൻ നിയമം കൈലെടുക്കുന്നവർക്കായി ലോകം മുഴുവൻ ഉയരുന്ന പ്രാർത്ഥനകളും എനിക്ക് ശക്തി നൽകി. പക്ഷേ അപ്പന്റെയും അമ്മയുടെയും ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകണം എന്ന് തന്നെയായിരുന്നു എന്റെയും ആഗ്രഹം, ഇത് എനിക്ക് പറയുനുള്ള ഒരു അവസരം പോലും ലഭിച്ചില്ലലോ എന്നതായിരുന്നു എന്നെ വീണ്ടും വീണ്ടും വേദനിപ്പിച്ചത്. അങ്ങനെ, എനിക്കായി ഡോക്ടർ കരുതി വെച്ച സമയം വന്നെത്തി, വന്ധ്യതാ ചികിത്സയ്ക്കായി കാത്തിരിക്കുന്ന ദമ്പതികളുടെ മുന്നിലൂടെ അമ്മ ഡോക്ടറെ കാണാൻ നടന്നു പോകുമ്പോൾ അവരിൽ ഒരാളുടെ മൊബൈൽ ഫോൺ ബെല്ലടിച്ചു. ആ പാട്ടു എനിക്കും അമ്മയ്ക്കുമായി കരുതി വെച്ച പോലെയുണ്ടായിരുന്നു. ദൈവത്തിന്റെ കുഞ്ഞല്ലേ നീ, സങ്കടത്താൽ വാടീടല്ലേ...സഹനങ്ങൾ കൃപകളാക്കാം, യേശുവിന്റെ ക്രൂശിൽ നൽകൂ.....!

അമ്മ ഒരു നിമിഷം വയറ്റിൽ സപർശിച്ചു; ഞാനും അമ്മയുടെ കയ്യിലേക്ക് എന്റെ കുഞ്ഞു വിരലുകൾ നീട്ടി. പിന്നെ അമ്മയിൽ ഒരു ശക്തിയും മുഖത്തു പ്രകാശവും പ്രകടമായിരുന്നു. ഡോക്ടറെയുടെ മുന്നിൽ ചെന്ന അമ്മ, 'എന്റെ കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ മരുന്നുകൾ എഴുതി തന്നാലും എന്നാണ് പറഞ്ഞത്'. ആരാലും അറിയപെടാതിരുന്ന അമ്മ ഇനി മുതൽ എന്റെ അമ്മ എന്ന പേരിൽ അറിയപ്പെടണമെന്ന ആഗ്രഹവും ഉള്ളിൽ പേറി ഞാൻ മാസങ്ങൾ പിന്നിട്ടു .ഒരിക്കൽ പോലും പിരിഞ്ഞിരിക്കാതിരുന്ന അപ്പയും അമ്മയും എന്നെ ഉപേക്ഷിക്കാം എന്ന തീരുമാനത്തിന് മാപ്പപേക്ഷിച്ചു പ്രാർത്ഥനയോടെ എന്റെ ജനനത്തിനായി ഒരുങ്ങി.

എന്നും കഥകൾ പറഞ്ഞും പാട്ടുകൾ പാടി തന്നും ഉദരത്തിലുള്ള എന്നെ അമ്മ പരിചരിച്ചു. ഞങ്ങൾ നല്ല കൂട്ടായ ആ ഒൻപതു മാസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ മേൽ കത്തിവെയ്ക്കാനൊരുങ്ങിയ ഡോക്ടറുടെ കൈകളിലേക്ക് തന്നെ ഞാൻ പിറന്നു വീണു. ഒത്തിരി ജനനങ്ങൾക്കു സാക്ഷിയായ ഡോക്ടർ ആദ്യമായാണ് ഗർഭഛിദ്രം ചെയ്യാനിരുന്ന ശിശുവിനെ കൈകളിൽ എടുക്കുന്നത്.

നിയമങ്ങൾ എന്തെല്ലാം സാദ്ധ്യതകൾ കല്പിച്ചു തന്നാലും തന്റെ അടുക്കൽ വരുന്നവരെ ഭ്രൂണഹത്യ എന്ന തിന്മയിൽ നിന്നും മനസുമാറ്റും എന്ന ഡോക്ടറുടെ ധീരമായ തീരുമാനം മന്ത്രിച്ചത്‌ എന്റെ അമ്മയുടെ കാതുകളിലാണ്. എന്നെ നെഞ്ചോടു ചേർത്ത്, ദുബായ് എന്ന സ്വപ്ന ഭൂമി ഉപേക്ഷിച്ചു നാട്ടിൽ താമസിച്ചു അമ്മ കാത്തിരുന്നതും ഈ ഒരു നിമിഷത്തിനായിരുന്നു. അങ്ങനെ ഡോക്ടറുടെ സാന്നിധ്യത്തിൽ തന്നെ അമ്മ പേര് നൽകാനുള്ള അപേക്ഷയിൽ 'ദൈവത്തിന്റെ സമ്മാനം' എന്ന് അർത്ഥം വരുന്ന 'മാത്യു' എന്ന പേര് എഴുതി ചേർത്തു.

➤➤➤➤ ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

#Repost

More Archives >>

Page 1 of 12