News - 2024

പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ വിരമിക്കല്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 22-02-2020 - Saturday

ഇര്‍ബില്‍: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ കാതോലിക്കോസ് പാത്രിയാർക്കീസ് മാർ ഗീവർഗീസ് മൂന്നാമൻ വിരമിക്കല്‍ പ്രഖ്യാപിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കാലിഫോര്‍ണിയയിലെ അസ്സീറിയന്‍ മെത്രാനായ മാര്‍ അവാ റോയെല്‍, അസ്സീറിയന്‍ ബിഷപ്പ് സിനഡിന്റെ സെക്രട്ടറി എന്നിവര്‍ ഒപ്പിട്ട് ഫെബ്രുവരി 19-ന് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ആഗോള തലത്തില്‍ ചിതറിക്കിടക്കുന്ന അസ്സീറിയന്‍ മെത്രാന്മാര്‍ക്കായി ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് മാര്‍ ഗീവര്‍ഗീസ്‌ മൂന്നാമന്‍ എഴുതിയ കത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടത്.

ഇറാഖി കുര്‍ദ്ദിസ്ഥാന്റെ തലസ്ഥാനമായ ഇര്‍ബിലില്‍ ഏപ്രില്‍ 22 മുതല്‍ 27 വരെ നടക്കുന്ന അസ്സീറിയന്‍ മെത്രാന്‍മാരുടെ സിനഡില്‍ പങ്കെടുക്കുവാന്‍ മെത്രാന്മാരെ പാത്രിയാര്‍ക്കീസ് തന്റെ കത്തിലൂടെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ജര്‍മ്മനിയിലായിരുന്നപ്പോള്‍ നേരിട്ട ഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും മോചിതനായെങ്കിലും തന്നില്‍ നിക്ഷിപ്തമായ മഹത്തായ ദൗത്യവുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുക നിലവിലെ സാഹചര്യത്തില്‍ അസാധ്യമായതിനാല്‍ വേണ്ടത്ര ആലോചനക്കും പ്രാര്‍ത്ഥനക്കും ശേഷം പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പാത്രിയാര്‍ക്കീസ് പദവിയും അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും ഒഴിയുവാന്‍ പാത്രിയാര്‍ക്കീസ് തീരുമാനിച്ചുവെന്നാണ് റോയെല്‍ മെത്രാന്‍ ഒപ്പിട്ടിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നത്.

പരിശുദ്ധാത്മാവിന്റെ പ്രചോദനത്താലും, ദൈവേഷ്ടത്താലും പാത്രിയാര്‍ക്കീസിനെ തെരഞ്ഞെടുക്കുവാന്‍ മെത്രാന്മാരെ സഹായിക്കുവാന്‍ തിരുസഭയുടെ അധിപനായ കര്‍ത്താവായ യേശുവിനോട് പ്രാര്‍ത്ഥിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. 2015 സെപ്റ്റംബര്‍ 16-നാണ് കിഴക്കന്‍ അസീറിയന്‍ സഭയുടെ 121-മത് കാതോലിക്കോസായി മാർ ഗീവർഗീസ് അവരോധിതനാകുന്നത്. സമാധാനത്തിന്റെ വക്താവായിട്ടായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 2016 നവംബറില്‍ റോമില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയുമായി നടന്ന ആദ്യ കൂടിക്കാഴ്ചയില്‍ മദ്ധ്യപൂര്‍വ്വേഷ്യയിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ പൗരസ്ത്യ സഭാ തലവന്‍മാരുടെ കൂടിക്കാഴ്ച സംഘടിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയനുസരിച്ചാണ് പാപ്പ 2018 ജൂലൈ 7ന് ബാരിയില്‍ എക്യുമെനിക്കല്‍ യോഗം വിളിച്ചു ചേര്‍ത്തത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »