Arts
'ജീസസ് ആന്‍ഡ് മദര്‍ മേരി': 100 കോടി ബജറ്റില്‍ ആദ്യ ത്രീഡി ബൈബിള്‍ സിനിമയുമായി മലയാളി
03-03-2020 - Tuesday
തിരുവനന്തപുരം: ബൈബിളിനെ അടിസ്ഥാനമാക്കി 100 കോടി രൂപ ബജറ്റില്‍ മെഗാ സിനിമയുമായി സംവിധായകന്‍ തോമസ് ബെഞ്ചമിന്‍. ജീസസ് ആന്‍ഡ് മദര്‍ മേരി എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സിനിമയുടെ ബാനര്‍ റിലീസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. പ്രൈം മൂവി ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ അനീഷ് രാജന്‍, ഡേവിസ് ഇടക്കളത്തൂര്‍, ഷിജു വര്‍ക്കി, ജോസ് പീറ്റര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
ബൈബിളിനെ ആസ്പദമാക്കിയുള്ള ലോകത്തെ ആദ്യ ത്രീഡി ചിത്രമാകും ജീസസ് ആന്‍ഡ് മദര്‍ മേരി. കഴിഞ്ഞ ഏഴു വര്‍ഷത്തെ ബൈബിള്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ജീസസ് ആന്‍ഡ് മദര്‍ മേരി എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതെന്നു തോമസ് ബെഞ്ചമന്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സിനിമ പൂര്‍ണമായും ജറുസലം, ഇസ്രയേല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലാകും ചിത്രീകരിക്കുക. ഹോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക വിദഗ്ധരുമാകും സിനിമയില്‍ അണിനിരക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, വിഎഫ്എക്‌സ് രംഗത്തെ വിദഗ്ധന്‍ ചക്ക്‌കോമിസ്‌കി, സ്‌പെഷല്‍ മേക്കപ് വിദഗ്ധന്‍ ആഞ്ചലോ പോഗി, ഇറ്റലിയില്‍ നിന്നുള്ള സാറാ ജെയിന്‍ തുടങ്ങിയവര്‍ അണിനിരക്കും. പ്രൊഡക്ഷന്‍ മാനേജരായി പൗലിന വിജിഡാഡ്, ലൈന്‍ പ്രൊഡ്യൂസര്‍മാരായി ഇറ്റലിയില്‍ നിന്നുള്ള ജോണ്‍ ഗൈ അമേരിക്കയില്‍ നിന്നുള്ള ജോണ്‍ ഗൈ തുടങ്ങിയവരുമുണ്ടാകും. ഈ വര്‍ഷം ജൂണില്‍ ചിത്രീകരണം ആരംഭിച്ച് 2021 ഈസ്റ്റര്‍ ദിനത്തില്‍ റിലീസ് ചെയ്യുന്നതിനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നിരവധി വര്‍ഷങ്ങളായി സിനിമാ രംഗത്തുള്ള തോമസ് ബഞ്ചമിന്‍ വേണു നാഗവള്ളി, ജയരാജ് തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഡിജിപി ടോമിന്‍ ജെ.തച്ചങ്കരി, ജോസഫ് കറുകയില്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ.യൂജിന്‍ എച്ച്.പെരേര, ഫാ.റോബിന്‍, നിര്‍മാതാക്കളായ അനീഷ് രാജന്‍, ഷിജുവര്‍ക്കി, ജോസ് പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബൈബിളിലെ പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ത്രീഡി ചലച്ചിത്രം 'യേഷ്വാ'യും അണിയറയിലുണ്ട്. മലയാളി സംവിധായകന്‍ ആന്‍റണി ആല്‍ബര്‍ട്ട് ഒരുക്കുന്ന ചിത്രത്തിന് ആശീര്‍വ്വാദം തേടി അദ്ദേഹം പാപ്പയെ സന്ദര്‍ശിച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക