Youth Zone - 2024

പാതിനോമ്പിൽ ഉപവാസദിനം പ്രഖ്യാപിച്ച് മാർ ക്ലിമിസ് ബാവ: ഒരു ലക്ഷം കരുണകൊന്തയുമായി യുവജനങ്ങളും

ഫാ. മാത്യു നെരിയാട്ടിൽ 18-03-2020 - Wednesday

ഇതിനോടകം നൂറ്റിഅറുപതിരണ്ടിൽ പരം രാജ്യങ്ങളിലേക്കും രണ്ടു ലക്ഷത്തിനടുത്തു മനുഷ്യരിലേക്കും വ്യാപിച്ചു കഴിഞ്ഞ കോവിഡ് 19 എന്ന മഹാമാരി ക്രിസ്തീയ വിശ്വാസ ജീവിതത്തെ കൂടുതൽ തീക്ഷ്ണമാക്കുന്ന വാർത്തകൾ ലോകമെങ്ങു നിന്നും ഉയരുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ അതിശക്തമായ പ്രാർത്ഥന ഗോപുരങ്ങൾ ഉയർത്തുന്നതിൽ കത്തോലിക്കാ മേലധ്യക്ഷന്മാർ ധീരമായ നേതൃത്വമാണ് നൽകുന്നത്. കൊറോണയെന്ന മഹാമാരിക്ക് മുൻപിൽ പകച്ചു നിൽക്കുന്ന ലോകത്തിന്റെ ആത്മീയ സ്രോതസ്സായി വർത്തിക്കാൻ കത്തോലിക്കാ കൂട്ടായ്മകൾ അവസരോചിതമായി ഇടപെടുന്നു എന്നതിന്റെ ഏറ്റം പുതിയ സാക്ഷ്യമാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവയുടെ പുതിയ പ്രഖ്യാപനം.

പകുതിനോമ്പ് ദിവസം ( മാർച്ച് 18) ഉപവാസദിനമായി മാറ്റി വെച്ച് ദൈവകരുണക്കായി പ്രാർത്ഥിക്കാൻ സഭാമക്കളോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. പൊതു സമൂഹത്തെ ഏതു വിഷയങ്ങളിലും വ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്നതിൽ എന്നും മുന്നിൽ തന്നെയുള്ള ക്ളീമിസ് ബാവായുടെ ദൈവീകമായ ഈ തീരുമാനം സഭാമക്കൾ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചിരിക്കുന്നത്. അഭിവന്ദ്യ പിതാവിന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള മലങ്കര കത്തോലിക്കാ സഭയുടെ യുവജനസംഘടന (എം. സി. വൈ. എം) ഈ അവസരത്തിലും തങ്ങളുടെ കൂട്ടായ കരം ഇടയനോടൊപ്പമെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കോറോണക്ക്‌ പ്രതിവിധി ദൈവകരുണയെന്ന ബോധ്യത്തിൽ, ലോകം മുഴുവന്റെ മേൽ കരുണയാകുന്നതിനായി 1 ലക്ഷം കരുണക്കൊന്തചൊല്ലി ദൈവസന്നിധിയിൽ അർപ്പിക്കാൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കിഴക്കേതിലിന്റെ നേതൃത്വത്തിൽ എം സി വൈ എം പ്രസ്ഥാനം ഒരുമിച്ച് തീരുമാനമെടുത്തു. ലോകമെങ്ങുമുള്ള യുവജനങ്ങൾക്ക്‌ ശക്തമായ മാർഗദർശിയാണ് മലങ്കര സഭാ യുവത്വത്തിന്റെ മാതൃകാപരമായ ഈ തീരുമാനം.


Related Articles »