Faith And Reason - 2024
അജഗണത്തിന് വേണ്ടി ജപമാലയും തിരുശേഷിപ്പും വഹിച്ച് വൈദികന്റെ പ്രാര്‍ത്ഥന യാത്ര: ചിത്രം വൈറല്‍
സ്വന്തം ലേഖകന്‍ 20-03-2020 - Friday
ലുബ്ലിന്‍: കൊറോണക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടുള്ള ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ പതിവായിക്കൊണ്ടിരിക്കുമ്പോള്‍ തന്റെ അജഗണത്തിന് വേണ്ടി പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പടങ്ങിയ അരുളിക്കയും, ജപമാലയും വഹിച്ചു പ്രാര്‍ത്ഥന യാത്ര നടത്തുന്ന വൈദികന്‍ പോളിഷ് ജനതയുടെ ഹൃദയം കവരുന്നു. കൊറോണയുടെ അന്ത്യത്തിനും, വിശ്വാസ സംരക്ഷണത്തിനുമായി ലൂബ്ലിനിലെ തെരുവിലൂടെ ഒറ്റക്ക് പ്രദക്ഷിണം നടത്തിയ കണ്‍വേര്‍ഷന്‍ ഓഫ് സെന്റ് പോള്‍ ഇടവക വികാരിയായ ഫാ. മിറോസ്ലോ മാടുസ്നിയാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരത്തെ വിശുദ്ധ കുര്‍ബാനക്ക് ശേഷമാണ് ഫാ. മിറോസ്ലോ തന്റെ പ്രദക്ഷിണത്തെക്കുറിച്ചുള്ള അറിയിപ്പ് നവമാധ്യമത്തിലൂടെ നടത്തിയത്. ഇടവക ജനങ്ങളോട് സ്വന്തം ഭവനത്തിന്റെ ജാലകത്തിനരികില്‍ പ്രാര്‍ത്ഥനയുമായി നില്‍ക്കുവാന്‍ ആഹ്വാനം നടത്തിയ അദ്ദേഹം തെരുവില്‍ തന്റെ ആത്മീയ ദൌത്യം ആരംഭിക്കുകയായിരിന്നു. മെഴുകുതിരികള്‍ കത്തിച്ചുവെക്കണമെന്നും കുരിശു രൂപത്തിന്റേയും വിശുദ്ധ അന്തോണീസിന്റേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൊറോണക്കെതിരെ മാത്രമല്ല വിശ്വാസരാഹിത്യമെന്ന ഭീഷണി ഇല്ലാതാക്കുന്നതിന് കൂടിയാണ് തന്റെ പ്രദക്ഷിണമെന്നു വൈദികന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Ks. Mirosław Matuszny, proboszcz Parafii Nawrócenia Św. Pawła w Lublinie, zamierza codziennie przechodzić przez miasto, niosąc relikwie św. Antoniego z Padwy. Duchowny modli się o ochronę mieszkańców przed epidemią #koronawiruswpolsce i utratą wiary.
— Bartłomiej Pejo (@bartlomiejpejo) March 17, 2020
Wideo https://t.co/itVt5X3WbF pic.twitter.com/6KVWZYg8dJ
മാധ്യമങ്ങളില്‍ വിശുദ്ധ കുര്‍ബാന സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ഈ വിഷമ ഘട്ടത്തില്‍ തന്റെ ഇടവക വിശ്വാസികള്‍ മാത്രമല്ല മുഴുവന്‍ ജനങ്ങളും ഒരു യഥാര്‍ത്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ അനുഭവമാണ് ആഗ്രഹിക്കുന്നതെന്ന് ഫാ. മിറോസ്ലോ പറഞ്ഞു. 'വിശ്വാസരാഹിത്യത്തില്‍ നിന്നും രക്ഷിക്കണമേ' എന്ന നിയോഗവുമായി 13 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ജാഗരണ പ്രാര്‍ത്ഥനക്കും ഫാ. മിറോസ്ലോ ആരംഭം കുറിച്ചിട്ടുണ്ട്. കൊറോണ ഭീതി അകലുന്നത് വരെ ഒറ്റക്കുള്ള തന്റെ പ്രദക്ഷിണം തുടരുമെന്നു അദ്ദേഹം വ്യക്തമാക്കി. അതേസമയം തെരുവിലൂടെ പ്രദക്ഷിണം നടത്തുന്ന ഫാ. മിറോസ്ലോയുടെ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക