Faith And Reason - 2025

ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ച് പോര്‍ച്ചുഗീസ് ജനത ഇന്നു പ്രാര്‍ത്ഥിക്കും

സ്വന്തം ലേഖകന്‍ 25-03-2020 - Wednesday

ലിസ്ബണ്‍: ആഗോള തലത്തില്‍ കൊറോണ വ്യാപിക്കുമ്പോള്‍ സ്വര്‍ഗ്ഗീയ ഇടപെടല്‍ തേടി ഈശോയുടെ തിരുഹൃദയത്തിനും ദൈവമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനും സമര്‍പ്പിച്ച് പോര്‍ച്ചുഗീസ് ജനത ഇന്നു പ്രാര്‍ത്ഥിക്കും. പോര്‍ച്ചുഗീസ് മെത്രാന്‍സംഘത്തിന്റെ ആഹ്വാന പ്രകാരമാണ് ഇന്നു പുനഃപ്രതിഷ്ഠയും വിവിധ പ്രാര്‍ത്ഥന ശുശ്രൂഷകളും നടക്കുക. ഇതിന്റെ ഭാഗമായി ഇന്നു വൈകുന്നേരം പോര്‍ച്ചുഗലിനെ ഈശോയ്ക്കും മാതാവിനും സമര്‍പ്പിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ലിസ്ബണ്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ മാനുവല്‍ ക്ലെമന്റെ, ഫാത്തിമ ബിഷപ്പ് കര്‍ദ്ദിനാള്‍ അന്റോണിയോ മാര്‍ട്ടോ എന്നിവര്‍ ജപമാല പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കും.

ലോകമെങ്ങുമുള്ള രാജ്യങ്ങള്‍ ഈശോയുടെ തിരുഹൃദയത്തിനും ദൈവമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്ന് പോര്‍ച്ചുഗീസ് മെത്രാന്‍സംഘം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാജ്യത്തു രണ്ടായിരത്തോളം പേര്‍ കോവിഡ്-19 രോഗബാധിതരാണ്. ഇതില്‍ 20 പേര്‍ മരണമടഞ്ഞു. അയല്‍രാജ്യമായ സ്പെയിനിലെ മരണസംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മുപ്പതിനായിരത്തോളം പേരെ രാജ്യത്തു രോഗം ബാധിച്ചപ്പോള്‍ 2200 പേരാണ് മരിച്ചത്. അതേസമയം പോര്‍ച്ചുഗീസ് മെത്രാന്‍സംഘത്തിന്റെ പ്രാര്‍ത്ഥന ആഹ്വാനം വന്നതിന് പിന്നാലെ സ്പാനിഷ് ബിഷപ്പ്സ് കോണ്‍ഫറന്‍സും രാജ്യത്തെ ഈശോയുടെ തിരുഹൃദയത്തിനും ഫാത്തിമാ മാതാവിനും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »