News
രണ്ടു ലക്ഷത്തോളം മോട്ടോർ സൈക്കിളുകളിലായി വാഹനപ്രേമികള്‍ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍
പ്രവാചകശബ്ദം 28-09-2024 - Saturday
ഫാത്തിമ: ആഗോള പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പോർച്ചുഗലിലെ ഫാത്തിമയില്‍ 180,000 മോട്ടോർ സൈക്കിളുകളിലായി വാഹന പ്രേമികളുടെ തീര്‍ത്ഥാടനം. മോട്ടോർ സൈക്കിളുകളിലായി വാഹനപ്രേമികള്‍ നടത്തുന്ന 9-ാമത് തീർത്ഥാടനമാണിത്. മോട്ടോർ സൈക്കിൾ ഓടിക്കുന്നവര്‍ക്ക് എപ്പോഴും ഒരു ലക്ഷ്യമുണ്ടെന്നും ഇത് ജീവിതവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇത് നിരന്തര തീർത്ഥാടനമാണെന്നും ലിസ്ബണിലെ പാത്രിയർക്കീസ് മോണ്‍. റൂയി വലേരിയോ പറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ തീര്‍ത്ഥാടകര്‍ക്ക് ആശംസ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇത് ഫാത്തിമയിലെ ഒരു മഹത്തായ ദിനമാണെന്ന് ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടർ ഫാ. കാർലോസ് കബെസിൻഹാസ് വിശേഷിപ്പിച്ചു. മോട്ടോർ സൈക്കിള്‍ തീര്‍ത്ഥാടകര്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ടെന്നും അവര്‍ നടത്തുന്ന സേവനം സ്തുത്യര്‍ഹമാണെന്നും അദ്ദേഹം അനുസ്മരിച്ചു. തീർത്ഥാടന വേളയിൽ, മോട്ടോർ സൈക്കിൾ യാത്രക്കാർ ഫാത്തിമ മാതാവിനോട് തങ്ങള്‍ നടത്തുന്ന സുരക്ഷിതമായ യാത്രയ്ക്കായി മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിച്ചു. മരിച്ച മോട്ടോർ സൈക്കിൾ യാത്രക്കാർക്കും സഹായം ആവശ്യമുള്ളവർക്കും വേണ്ടിയും ഇവര്‍ പ്രാര്‍ത്ഥന നടത്തി.
ഹെല്‍മറ്റ് വെഞ്ചിരിപ്പിന് ലിസ്ബണിലെ പാത്രിയാർക്കീസ് കാര്‍മ്മികനായി. "ഇത് അനുഗ്രഹത്തിൻ്റെ മറ്റൊരു വർഷമാണെന്നും മറ്റൊരു വർഷത്തേക്ക് അനുഗ്രഹിക്കപ്പെടാനാണ് തീര്‍ത്ഥാടനമെന്നും ഇതില്‍ പങ്കെടുത്ത ആൻ്റണി സൂസ അഭിപ്രായപ്പെട്ടു. നാഷണൽ റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണക്കനുസരിച്ച്, ഈ വർഷം ജനുവരി മുതൽ മെയ് വരെ പോർച്ചുഗലിൽ 47 മോട്ടോർ സൈക്കിൾ അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2023-ൽ ഏകദേശം 9000 മോട്ടോർ സൈക്കിൾ അപകടങ്ങൾ ഉണ്ടായി. അതിൽ 124 പേർ മരിക്കുകയും 766 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟