India - 2024
ക്രിസ്തുവിന്റെ പീഡാസഹനം സഹിക്കാനും ക്ഷമിക്കാനും നമ്മെ ശക്തിപ്പെടുത്തുന്നു: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
സ്വന്തം ലേഖകന്‍ 11-04-2020 - Saturday
കൊച്ചി: പലവിധ പ്രശ്നങ്ങളാൽ ജീവിതത്തിൻറെ താളം തെറ്റുമ്പോൾ എങ്ങനെ സഹിക്കണം എന്നും കഠിനമായ സഹനത്തിലൂടെ കടന്നു പോകുമ്പോഴും ദൈവത്തിൽ പ്രത്യാശ വെക്കേണ്ടത് എങ്ങനെയെന്നും ക്രിസ്തു കുരിശു മരണത്തിലൂടെ നമ്മെ പഠിപ്പിക്കുന്നുവെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. ക്രിസ്തുവിൻറെ സഹനത്തോട് നമ്മൾ നമ്മുടെ വേദനകൾ ചേർക്കണം. അപ്പോൾ അവിടുത്തെ ഉയർപ്പിൽ നമുക്കും പങ്കുചേരാം.
പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ലോകം മുഴുവനും വലിയ ദുരിതത്തിൽ കൂടെ കടന്നു പോകുമ്പോൾ ഈ വേദനക്കും സഹനത്തിനും അപ്പുറം പ്രത്യാശയുടെ പൊൻ പുലരി നമ്മെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് ജീവിതത്തിൽ നിരാശപ്പെടാതെ മുന്നോട്ടുപോകാൻ ക്രിസ്തുവിൻറെ പീഡാസഹന കുരിശുമരണവും നമ്മെ ഓർമ്മപ്പെടുത്തുന്നു. കൊറോണ ബാധമൂലം ക്ലേശിക്കുന്ന എല്ലാ രോഗികൾക്കും സൗഖ്യവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആർച്ച് ബിഷപ്പ് ആശംസിച്ചു.
ദൈവം കൂടെ ഉണ്ടെങ്കിൽ നമുക്ക് എല്ലാം സാധ്യമാണ്. ഒരു ദുരന്തത്തിനും നമ്മെ തളർത്തി കളയാൻ കഴിയില്ല. വേദനിക്കുന്ന ഓരോ മനുഷ്യനിലും ക്രിസ്തുവിൻറെ മുഖം ഉണ്ട്. ക്രിസ്തുവിൻറെ പീഡാസഹന യാത്രയിൽ ക്രിസ്തുവിനെ അനുഗമിച്ചു, ആശ്വാസം പകർന്ന ധാരാളം മനുഷ്യർ ഉണ്ടായിരുന്നു. അതുപോലെ ഇന്ന് രോഗികളായ മനുഷ്യരെ ശുശ്രൂഷിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ശുശ്രുഷിക്കുന്നവർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.