Seasonal Reflections - 2025
ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | ഇരുപത്തിനാലാം ദിവസം | കുരിശിനെ ആശ്ലേഷിക്കുക
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 24-07-2025 - Thursday
സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.(മത്തായി 10 : 38)
ഇരുപത്തിനാലാം ചുവട്: കുരിശിനെ ആശ്ലേഷിക്കുക
കുരിശിനെ പ്രണയിച്ചിരുന്ന വിശുദ്ധ അൽഫോൻസാമ്മയ്ക്ക് കുരിശ് പരാജയത്തിന്റെ പ്രതീകമായിരുന്നില്ല, മറിച്ച് സ്നേഹത്തിന്റെ ഒരു പാഠശാലയും മഹത്വത്തിൻ്റെ കീരീടമവുമായിരുന്നു.. അവളുടെ ജീവിതം മുഴുവൻ രോഗം, തിരസ്കരണം, ശാരീരിക വേദന എന്നിവയാൽ അടയാളപ്പെടുത്തിയിരുന്നുവെങ്കിലും ശക്തിയുടെയും വിശുദ്ധീകരണത്തിന്റെയും ഉറവിടമായി അവൾ കുരിശിൽ അഭയം തേടിയിരുന്നു. കുരിശിനെ ആശ്ലേഷിക്കുന്നതിലൂടെ മാത്രമേ തനിക്ക് ഈശോയെപ്പോലെയാകാൻ കഴിയൂ എന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു
അൽഫോൻസാമ്മ ഒരിക്കൽ എഴുതി: "കുരിശ് തന്നാണ് ഈശോ സ്നേഹിക്കുന്നത് സ്നേഹിക്കുന്നവർക്കാണ് കൂടുതൽ കുരിശുകളും സങ്കടങ്ങളും അവിടുന്ന് നൽകുക. സഹിക്കുന്നത് എനിക്ക് സന്തോഷമാണ്. സഹിക്കാൻ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്"." അവളുടെ സഹനങ്ങൾ പാഴായില്ല; ആത്മാക്കളുടെ വീണ്ടെടുപ്പിനായുള്ള ഈശോയുടെ ബലിയുമായി അവൾ അവയെ ഒന്നിപ്പിച്ചു. കുരിശിൽ, അവൾ ജീവിതത്തിൻ്റെ യഥാർത്ഥ അർത്ഥവും ലക്ഷ്യവും സമാധാനവും കണ്ടെത്തി.
കുരിശിനെ ആശ്ശേഷിക്കുക എന്നാൽ ജീവിതം വേദനിപ്പിക്കുമ്പോഴും ദൈവത്തിൽ വിശ്വസിക്കുക ത്യാഗപൂർവ്വം സ്നേഹിക്കാൻ പഠിക്കുക എന്നാണ്. വേദനയിൽ നിന്ന് ഓടിപ്പോകരുതെന്നും അത് നമ്മെ കൂടുതൽ സ്നേഹമുള്ള കൂടുതൽ വിശ്വസ്തരായ ശിഷ്യന്മാരാക്കി രൂപപ്പെടുത്താൻ അനുവദിക്കണമെന്നും അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുന്നു. കുരിശ് ഒരു ശാപമല്ല മറിച്ച് സ്നേഹത്തിന്റെ നങ്കൂരവും പാഠശാലയുമാണ്
പ്രാർത്ഥന
ഈശോയെ വിശുദ്ധ അൽഫോൻസാമ്മയെപ്പോലെ നിൻ്റെ രക്ഷാകര കുരിശിനെ ആശ്ശേഷിക്കുവാനും ജീവിതത്തിൻ്റ
യഥാർത്ഥ അർത്ഥവും ലക്ഷ്യവും സമാധാനവും കണ്ടെത്തുവാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
